Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മഴക്കെടുതി: 48 വീടുകള്‍ക്ക് നാശനഷ്ടം


ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 23 വീടുകള്‍ കനത്ത മഴയില്‍ തകര്‍ന്നു. ദേവികുളം താലൂക്കില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 13 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പീരുമേട്ടില്‍ അഞ്ചു വീടുകളും ഉടുമ്പന്‍ചോലയില്‍ മൂന്നു വീടുകളും ഭാഗികമായും തകര്‍ന്നു.
കഴിഞ്ഞ അഞ്ചുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ജില്ലയില്‍ ആകെ 48 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായിട്ടുള്ളത്. പൂര്‍ണ്ണമായും തകര്‍ന്നത് മൂന്നു വീടുകള്‍. ദേവികുളം താലൂക്കില്‍ രണ്ട് വീടുകളും ഉടുമ്പന്‍ചോല താലൂക്കില്‍ ഒരു വീടുമാണ് കനത്ത മഴയിലും കാറ്റിലും പൂര്‍ണ്ണമായും തകര്‍ന്നത്.
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്നും നാളെയും (29,30) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച (31) മഞ്ഞ അലര്‍ട്ടാണ്.
പുതിയതായി രണ്ട് ക്യാമ്പുകള്‍ തുറന്നു
ജില്ലയില്‍ ഇന്ന് (28) രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മണിയാറന്‍കുടി സലീന ചാള്‍സ് ഇംഗ്‌ളീഷ്് മീഡിയം സ്‌കൂളിലെ ക്യാമ്പില്‍ 11 കുടുംബങ്ങളിലെ 33 അംഗങ്ങളാണുള്ളത്. ഇതില്‍ പത്ത് പുരുഷന്‍മാര്‍, 18 സ്ത്രീകള്‍ അഞ്ച് കുട്ടികള്‍ ആണുള്ളത്. കഞ്ഞിക്കുഴി കീരിത്തോട് നിത്യസഹായമാതാ പാരീഷ് ഹാളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ രണ്ട് കുടുംബങ്ങളിലെ ഏഴ് അംഗങ്ങളാണുള്ളത്.
നേരത്തെ മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ പാരീഷ് ഹാളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പുതുതായി മൂന്നു പേര്‍ കൂടി എത്തിയിട്ടുണ്ട്. ഇവിടെ ആകെ 25 പേരാണുള്ളത്.
49.56 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തത്.
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യത്തിലല്ല. 2335.4 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ 121.6 അടിയാണ് ജലനിരപ്പ്.