സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ”ഓപ്പറേഷന്‍ സുരക്ഷിത വിദ്യാരംഭം”


സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ”ഓപ്പറേഷന്‍ സുരക്ഷിത വിദ്യാരംഭം 2025” പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന പുരോഗമിക്കുന്നു. ജില്ലയിലെ അഞ്ച് ആര്‍.ടി.ഓഫീസുകളുടെ കീഴിലായാണ് ബസുകളുടെ പരിശോധന നടക്കുന്നത്. വാഹന പരിശോധനയ്ക്കായി അതത്് സ്‌കൂളുകളില്‍ നേരിട്ട് പോയാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തുന്നത്.
സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അത്തരം വാഹനങ്ങള്‍ ഓടിച്ച് 10 വര്‍ഷത്തെ പരിചയം നിര്‍ബന്ധമാണ്. വാഹനത്തിന്റെ വാതിലുകളില്‍ അറ്റന്‍ഡന്‍മാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. സ്‌കൂളിന്റേത് അല്ലാത്ത വാഹനങ്ങളില്‍ ‘ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി’ എന്ന ബോര്‍ഡ് വയ്ക്കണം. വാതിലുകളുടേയും, ജനലുകളുടേയും ഷട്ടറുകള്‍ ക്യത്യമായി പ്രവര്‍ത്തിക്കേണ്ട തരത്തിലായിരിക്കണം. അവയ്ക്കിടയിലൂടെ മഴവെള്ളം അകത്തേയ്ക്ക് വരുന്നില്ലന്ന് ഉറപ്പുവരുത്തണം. സ്‌കൂള്‍ ബാഗുകള്‍ വയ്ക്കുന്നതിന് റാക്ക് സംവിധാനം ഏര്‍പ്പെടുത്തണം. സ്‌കൂളിന്റെ പേര് ,ഫോണ്‍ നമ്പര്‍, എമര്‍ജന്‍സി കോണ്‍ടാക്ട് നമ്പര്‍ എന്നിവ വാഹനങ്ങളുടെ ഇരുവശങ്ങളിലും പതിക്കണം. വാഹനത്തിന് പുറകില്‍ സീറ്റിംഗ് കപ്പാസിറ്റി രേഖപ്പെടുത്തേണ്ടതാണ്. കൂളിംഗ് ഫിലിം / കര്‍ട്ടന്‍ എന്നിവയുടെ ഉപയോഗം സ്‌കൂള്‍ വാഹനങ്ങളില്‍ കര്‍ശനമായി ഒഴിവാക്കാണം. വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് സംവിധാനം സുരക്ഷമിത്ര സോഫ്റ്റവെയറുമായി ബന്ധിപ്പിച്ച് ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ വിദ്യാവാഹന്‍ ആപ്പുമായും ടാഗു ചെയ്യേണ്ടതാണ്. എന്നാല്‍ മാത്രമേ സ്‌കൂള്‍ വാഹനങ്ങളുടെ വിവരം മോട്ടേര്‍ വാഹന വകുപ്പിന്റെ സുരക്ഷമിത്ര പോര്‍ട്ടലില്‍ ലഭ്യമാവുകയുള്ളൂ. അത്യാവശ്യഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായം തേടുന്നതിനായി പാനിക് ബട്ടണുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. തുടങ്ങിയ പൊതുനിര്‍ദേശങ്ങള്‍ പാലിച്ചാണ് സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയത്. പരിശോധനയില്‍ വിജയിക്കുന്ന വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്റ്റിക്കര്‍ പതിക്കും.
ഇടുക്കി ആര്‍.ടി ഓഫീസിന്റെ കീഴില്‍ മെയ് 23, 26, 27 തിയതികളിലായി നടത്തിയ സ്‌കൂള്‍ ബസുകളുടെ പരിശോധന പൂര്‍ത്തിയായി. വിവിധ സ്‌കൂളുകളില്‍ നടന്ന പരിശോധനയില്‍ 160 വാഹനങ്ങള്‍ പരിശോധിച്ചു. ഇതില്‍ 28 വാഹനങ്ങള്‍ക്ക് ന്യൂനതകള്‍ കണ്ടെത്തിയതിനാല്‍ ആ വാഹനങ്ങള്‍ കേടുപാടുകള്‍ പരിഹരിച്ചതിന് ശേഷം വീണ്ടും ഹാജരാക്കാന്‍ ആര്‍.ടി.ഒ ഷെബീര്‍ പി എം നിര്‍ദ്ദേശം നല്‍കി. സ്പീഡ് ഗവര്‍ണറുകള്‍, എമര്‍ജന്‍സി ഡോറുകള്‍ എന്നിവ പ്രവര്‍ത്തിക്കാത്തതും തേയ്മാനം സംഭവിച്ച ടയറുകള്‍ ഉള്ളതുമായ സ്‌കൂള്‍ വാഹനങ്ങള്‍ ന്യൂനതകള്‍ പരിഹരിച്ചതിനു ശേഷം വീണ്ടും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. വാഹന പരിശോധനയ്ക്ക് ജോയിന്റ് ആര്‍.ടി.ഒ. പി.എ. സമീര്‍, മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എല്‍ദോ വര്‍ഗീസ് , ജിന്‍സ് ജോര്‍ജ് അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ രഞ്ജിത്ത് കുമാര്‍, മനോജ് എം. ഡി. ചന്തു എസ്. എന്നിവര്‍ നേതൃത്വം നല്‍കി.
ദേവികുളം ആര്‍.ടി ഓഫീസിന്റെ നേതൃത്വത്തില്‍ മെയ് 17,24 തിയതികളിലായി 33 സ്‌കൂളുകളിലെ 90 ബസുകള്‍ പരിശോധിച്ചു.ഡ്രൈവര്‍മാരും ആയമാരും ഉള്‍പ്പെടെ 184 പേര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കി.
വണ്ടിപെരിയാര്‍ ആര്‍.ടി ഓഫീസിന്റെ നേതൃത്വത്തില്‍ 125 സ്‌കൂള്‍ ബസുകളുടെ പരിശോധന പൂര്‍ത്തിയാക്കി. ശനിയാഴ്ച കുട്ടിക്കാനത്ത് സെന്റ് പയസ് എക്സ് സ്‌കൂളില്‍ ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് നടക്കും.
തൊടുപുഴ ആര്‍.ടി ഓഫീസിന്റെ നേതൃത്വത്തില്‍ മെയ് 20, 27 തിയതികളിലായി നടത്തിയ സ്‌കൂള്‍ ബസുകളുടെ പരിശോധന പൂര്‍ത്തിയായി. 60 സ്‌കൂളുകളിലെ 190 വാഹനങ്ങള്‍ പരിശോധിച്ചു. ഡ്രൈവര്‍മാരും ആയമാരും ഉള്‍പ്പെടെ 350 പേര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്കി.
ഉടുമ്പന്‍ചോല ആര്‍.ടി ഓഫീസിന്റെ നേതൃത്വത്തില്‍ 65 സ്‌കൂള്‍ ബസുകളുടെ പരിശോധന പൂര്‍ത്തിയാക്കി. ബാക്കിയുള്ളവയുടെ പരിശോധന പുരോഗമിക്കുകയാണ്.