വണ്ടിപ്പെരിയാര്‍ ഗവ.പോളിടെക്നിക് കോളേജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം 29 ന് മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കും


വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ പുതുതായി നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിര്‍വഹിക്കും. വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പി ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെ കിറ്റ്കോയുടെ മേല്‍നോട്ടത്തില്‍ 9.63 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ ക്ലാസ് മുറികള്‍, ലാബുകള്‍, സെമിനാര്‍ ഹാള്‍ എന്നിവയുള്‍പ്പെടുന്ന അക്കാദമിക് ബ്ലോക്കാണ് നിര്‍മ്മിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറനാകുന്നേല്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.ഷാലിജ് പി.ആര്‍, കിറ്റ്കോ പ്രൊജക്ട് മാനേജര്‍ യൂസഫ് പി.എം, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
1998 ലാണ് വണ്ടിപ്പെരിയാര്‍ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് സ്ഥാപിതമായത്. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് എന്നീ മൂന്ന് ശാഖകളിലായി 200 ലധികം കുട്ടികള്‍ പഠിക്കുന്നു. കുമളിയിലെ ഒരു വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കോളേജ് പിന്നീട് സംസ്ഥാന പച്ചക്കറി തോട്ടത്തിന്റെ 10 ഏക്കര്‍ സ്ഥലം പകുത്തു നല്‍കിയനെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ അറുപത്തി രണ്ടാം മൈലിലേക്ക് മാറ്റി സ്ഥാപിച്ചു.
നാലു നിലകളിലായി പണി കഴിപ്പിച്ചിരിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കിന് 32000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുണ്ട്. ക്ലാസ് റൂമുകള്‍, ലാബുകള്‍, കോമണ്‍ കമ്പ്യൂട്ടിങ് ഫെസിലിറ്റി ലാബ് ,സെമിനാര്‍ ഹാള്‍, സ്റ്റാഫ് റൂമുകള്‍, എ ച്ച് ഒ ഡി റൂമുകള്‍, സ്റ്റുഡന്റസ് അമിനിറ്റി റൂമുകള്‍, സിക്ക് റൂം മുതലായ സൗകര്യങ്ങള്‍ പുതിയ ബ്ലോക്കിലുണ്ട്. എച്ച് ഒ ഡി റൂമുകള്‍, ലബോറട്ടറികള്‍ എന്നിവ ഫര്‍ണിഷ് ചെയ്യുന്നതിനായി 49 ലക്ഷം രൂപ ഡിറ്റിഇ യില്‍ നിന്നും അനുവദിച്ചു. തോട്ടം മേഖലയിലെ പിന്നാക്ക പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ആശ്രയിക്കാന്‍ കഴിയുന്ന സ്ഥാപനമാണിത്.