തോട്ടം മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ കളക്ടറുടെ നിർദേശം. അപകടസാധ്യതയേറിയ പ്രദേശങ്ങളിലെ എല്ലാ തോട്ടം ജോലികളും ഒഴിവാക്കണം


ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിർദേശം നൽകി. കേടുപാടുകൾ സംഭവിച്ചതും തകർന്നുവീഴാവുന്ന സ്ഥിതിയിലുള്ളതുമായ ലയങ്ങളിൽ തൊഴിലാളികൾ താമസിക്കുന്നത് അപകടത്തിന് കാരണമായേക്കാം. ഈ സാഹചര്യത്തിൽ പൂട്ടിക്കിടക്കുന്നതും പ്രവർത്തിക്കുന്നതുമായ തോട്ടങ്ങളിലെ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിന് ഇടുക്കി, തൊടുപുഴ, പീരുമേട് , ഉടുമ്പൻചോല, ദേവികുളം തഹസിൽദാർമാർ, പീരുമേട്, വണ്ടൻമേട് , മൂന്നാർ ആലുവ പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ, ജില്ലാ ലേബർ ഓഫീസർ, ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് കോട്ടയം, പ്ലാന്റേഷൻ ഉടമകൾ എന്നിവർക്കാണ് ചുമതല നൽകിയിട്ടുള്ളത്.
കൂടാതെ പ്രതികൂല കാലാവസ്ഥയിൽ അപകടസാധ്യതയേറിയ പ്രദേശങ്ങളിലെ എല്ലാ തോട്ടം ജോലികളും കർശനമായും ഒഴിവാക്കാനും നിർദേശമുണ്ട്. കളക്ടറുടെ ഉത്തരവിന് വിരുദ്ധമായി തൊഴിലെടുപ്പിക്കുകയോ അത് മൂലം തൊഴിലാളികൾക്ക് അപകടമോ ജീവപായമോ സംഭവിച്ചാൽ ബന്ധപ്പെട്ട തൊഴിലുടമകളും ഉത്തരവ് നടപ്പാക്കാൻ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കണ്ട് ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 51 (b) പ്രകാരം ശിക്ഷണ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.