‘വാട്ട്സ്ആപ്പ് രാത്രിയിൽ ഡാറ്റകൾ ചോർത്തുന്നു’; മെറ്റക്കെതിരെ ഗുരുതര ആരോപണവുമായി ഇലോണ്‍ മസ്‌ക്


ന്യൂഡൽഹി: മെറ്റയുടെ സാമൂഹ്യ മാധ്യമ ശൃംഖലയായ വാട്ട്സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി ടെസ്‌ല സ്ഥാപകനും എക്സ് സിഇഒയുമായ ഇലോണ്‍ മസ്‌ക് രംഗത്ത്. എല്ലാ രാത്രിയിലും വാട്ട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കളുടെ ഡാറ്റ കയറ്റുമതി ചെയ്യുന്നുവെന്നും മറ്റ് കമ്പനികൾക്ക് പരസ്യ ആവശ്യത്തിനും മറ്റും വിവരങ്ങൾ ചോർത്തി നൽകുന്നുവെന്നും മസ്ക് ആരോപിച്ചു. ഇത് ഉപയോഗിക്കുന്നവർ കരുതുന്നത് അവർ സുരക്ഷിതരാണെന്നാണെന്നും എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണെന്നും മസ്ക് പറഞ്ഞു.
മസ്കിന്റെ ഈ ആരോപണത്തോട് പ്രതികരിക്കാൻ മെറ്റയോ വാട്ട്സ്ആപ്പ് അധികൃതരോ ഇത് വരെ തയ്യാറായിട്ടില്ല. എന്നാൽ പ്രശസ്ത കമ്പ്യൂട്ടർ പ്രോഗ്രാമറും വീഡിയോ ഗെയിം ഡെവലപ്പറുമായ ജോൺ കാർമാക് മസ്കിന്റെ വാദത്തിന് തെളിവുകൾ ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്. മസ്ക് നേരത്തെയും മെറ്റ പ്ലാറ്റ്ഫോമിനെയും ഉടമയായ സുക്കർബർഗിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു.
അതേ സമയം വാട്ട്സ്ആപ്പ് കഴിഞ്ഞ ദിവസം തങ്ങളുടെ പ്ലാറ്റ്ഫോമിൽ പുതിയ എഐ സൗകര്യം ഏർപ്പെടുത്തിയിരുന്നു. പുതിയ എഐ സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് തങ്ങളുടെ താല്പര്യങ്ങൾ, വ്യക്തിത്വം, മാനസികാവസ്ഥ എന്നിവ അടിസ്ഥാനമാക്കി പ്രൊഫൈൽ പിക്ച്ചർ നിർമിക്കാൻ സാധിക്കും.എന്നാൽ മെറ്റ അതിന്റെ ഉപഭോക്താക്കളുടെ സ്വകാര്യതയെക്കാൾ ബിസിനസ് താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത് എന്നാണ് മസ്കിന്റെ വാദം. മസ്കിന്റെ പുതിയ ആരോപണം ടെക് ലോകത്ത് പുതിയ ചർച്ചയ്ക്കും വാദ പ്രതിവാദങ്ങൾക്കും വഴി തുറന്നിട്ടിരിക്കുകയാണ്.