ജില്ലയിലെ തോട്ടം മേഖലകളിൽ കീടനാശിനികളുടെ ഉപയോഗം : കുട്ടികളിലെ വൈകല്യത്തെപ്പറ്റി പഠിക്കാൻ പ്രത്യേക സമിതി


തൊടുപുഴ : ജില്ലയിലെ തോട്ടം മേഖലകളിൽ കീടനാശിനികളുടെ ഉപയോഗത്തെ തുടർന്ന് വൈകല്യമുള്ള കുട്ടികൾ പെരുകുന്നുവെന്ന പരാതിയിൽ അതേപ്പറ്റി പഠിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പിലെ വിദഗ്ധൻമാരെ ഉൾക്കൊള്ളിച്ച് രൂപവത്കരിച്ച സമിതിയുടെ കൺവീനർ ജില്ലാ മെഡിക്കൽ ഓഫീസറാണ്.
ആരോഗ്യരംഗത്തുനിന്നുള്ളവരെ കൂടാതെ മലിനീകരണ നിയന്ത്രണ ബോർഡ്, കൃഷിവകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധരും സമിതിയിലുണ്ടാകും.
വൈകല്യമുള്ള കുട്ടികളുടെ എണ്ണം കൂടുന്നതായി ചൂണ്ടിക്കാട്ടി ജില്ലയിൽനിന്നുള്ള പൊതുപ്രവർത്തകർ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ ആരോഗ്യവകുപ്പിനോട് റിപ്പോർട്ട് തേടി.
തുടർന്നാണ് ഏഴുപേരടങ്ങുന്ന സമിതി രൂപവത്കരിച്ചത്.ഇവർ തോട്ടം മേഖലകൾ കേന്ദ്രീകരിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളുമുണ്ടാകും.