കിട്ടാനില്ല വാക്‌സിൻ ;ഒാൺലൈൻ രജിസ്ട്രേഷനുമായി നെട്ടോട്ടമോടുകയാണ് ജനം


തൊടുപുഴ : കോവിഡ് മൂന്നാം തരംഗം പടിവാതിൽക്കൽ നിൽക്കുന്നതിനിടെ വാക്‌സിൻ ക്ഷാമം ജില്ലയ്ക്ക് തിരിച്ചടിയാകുന്നു. ബുധനാഴ്ചത്തെ വിതരണത്തിന് വേണ്ടിയുള്ള വാക്‌സിൻ മാത്രമാണ് ജില്ലയിൽ സ്‌റ്റോക്കുള്ളത്. അതും നാമമാത്രമായ കേന്ദ്രങ്ങളിൽമാത്രം നൽകാനുള്ളത്. ഇനി വെള്ളിയാഴ്ച മാത്രമേ സ്‌റ്റോക്ക് ലഭിക്കൂ എന്നാണ് ജില്ലാ ആരോഗ്യവിഭാഗത്തിന് ലഭിച്ച അറിയിപ്പ്. അതും കിട്ടിയില്ലെങ്കിൽ രണ്ടോ മൂന്നോ ദിവസം വാക്‌സിൻ വിതരണം തടസ്സപ്പെടാൻ ഇടയുണ്ട്. സംസ്ഥാനത്ത് പൊതുവേയുണ്ടായ വാക്‌സിൻ ക്ഷാമമാണ് ജില്ലയെയും ബാധിച്ചതെന്നാണ് വിവരം. നിലവിൽ ജില്ലയിലെ 45 ശതമാനത്തിനടുത്ത് ആളുകൾക്ക് ഒന്നാം ഡോസ് വാക്‌സിൻ ലഭിച്ചിട്ടുണ്ട്. എന്നാൽ, രണ്ടാം ഡോസ് ലഭിച്ചവർ 15 ശതമാനത്തിൽ താഴെയാണ്.
കേന്ദ്രങ്ങൾ കുറഞ്ഞു
നേരത്തെ മികച്ചരീതിയിൽ ജില്ലയിൽ വാക്‌സിൻ വിതരണം പുരോഗമിക്കുകയായിരുന്നു. ഗോത്രവർഗ കോളനികളെയടക്കം വാക്‌സിനേഷനിൽ ഉൾക്കൊള്ളിച്ച് അവിടങ്ങളിൽ പ്രത്യേക ക്യാമ്പും നടത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളിൽ മാത്രമായി വാക്‌സിൻ വിതരണം ചുരുങ്ങി. ഇവിടെയാകട്ടെ ആവശ്യത്തിന് മരുന്നും ഉണ്ടായിരുന്നില്ല. ഇതുമൂലം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പലപ്പോഴും വാക്കുതർക്കങ്ങളുമുണ്ടായി. ചിലത് സംഘർഷത്തിന്റെ വക്കിൽവരെയെത്തി.
ഓൺലൈൻ പ്രതിസന്ധി
ജില്ലയിലെ വാക്‌സിനേഷന്റെ രജിസ്‌ട്രേഷൻ മുഴുവനായി ഓൺലൈനിലാക്കിയതോടെ വലിയ പ്രതിസന്ധിയാണ് ജനം നേരിടുന്നത്. ജില്ലയിലെ മൊബൈൽ ഇന്റർനെറ്റ് ലഭ്യതയാണ് ഇതിലെ വില്ലൻ. ഹൈറേഞ്ച് മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മികച്ച ഇന്റർനെറ്റ് സംവിധാനമില്ല. ഇതുമൂലം വെബ്‌സൈറ്റിൽ കയറി ബുക്കുചെയ്യുമ്പോൾ സ്ലോട്ട് കിട്ടാത്ത അവസ്ഥയാണ്. പലരും വാക്‌സിനുവേണ്ടി രാവിലെ മുതൽ വൈകീട്ട് വരെ ദിവസങ്ങളോളം പരിശ്രമിച്ചിട്ടും ബുക്കിങ് നടക്കുന്നില്ല. വെബ്‌സൈറ്റ് തടസ്സപ്പെടുക, ഒ.ടി.പി. ലഭിക്കാൻ വൈകുക, സ്ലോട്ട് അതിവേഗം തീരുക തുടങ്ങിയ പ്രതിസന്ധികളുമുണ്ട്. പലർക്കും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാനറിയില്ലെന്നതും തടസ്സമാണ്.
രണ്ടാം ഡോസും ത്രിശങ്കുവിൽ
നേരത്തെ രണ്ടാമത്തെ ഡോസ് ബുക്കിങ് ക്രമം ഇല്ലാതെ ലഭിച്ചിരുന്നു. വാക്‌സിനേഷൻ ഓൺലൈനിലാക്കിയതോടെ ഈ സൗകര്യം ഇല്ലാതായി. പലർക്കും രണ്ടാം ഡോസ് എടുക്കേണ്ട സമയം കഴിഞ്ഞിട്ട് ആഴ്ചകളായി. സ്ലോട്ട് കിട്ടാത്തതിനാൽ ഇവരും പ്രതിസന്ധിയിലാണ്.
നൂറിലേറെ വിളികൾ
ദിവസവും നൂറിലേറെ ഫോൺ വിളികളാണ് വാക്‌സിനേഷൻ സംബന്ധിച്ചുണ്ടാ കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ വന്നതോടെ ഇവർക്കൊന്നും സഹായം ചെയ്യാനോ കൃത്യസമയത്തു വാക്‌സിൻ നൽകാനോ കഴിയുന്നില്ല.