‘ക്യാപ്റ്റൻ പിണറായി തന്നെ… പ്രളയം ഉണ്ടായപ്പോൾ കുടുംബനാഥനെ പോലെ ജനങ്ങളെ ചേർത്ത് നിർത്തി’: എം എ ബേബി


തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പിണറായി തന്നെയാണ് ക്യാപ്റ്റനെന്നും റിപ്പോർട്ടറിനോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിന്റെ ഏറ്റവും തലമുതിർന്ന നേതാവാണ് പിണറായി, ജനങ്ങൾക്കിടയിൽ ഏറ്റവും സ്വീകാര്യനാണ് അദ്ദേഹം. അങ്ങനെ ഒരാൾ അല്ലാതെ ആരാണ് എൽഡിഎഫിനെ നയിക്കേണ്ടത്? പ്രളയം ഉണ്ടായപ്പോൾ കുടുംബനാഥനെ പോലെ ജനങ്ങളെ ചേർത്ത് നിർത്തി രക്ഷകർത്താവിന്റെ സ്ഥാനം വഹിച്ചയാളാണ് പിണറായിയെന്ന് എം എ ബേബി റിപ്പോർട്ടറിനോട് പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പരാമർശം ദൗർഭാഗ്യകരമാണെന്നും ഉത്തരവാദിത്തത്തിൽ സംസാരിക്കേണ്ട ആളാണ് വെള്ളാപ്പള്ളിയെന്നും എം എ ബേബി പ്രതികരിച്ചു.
ആർഎസ്എസിൻ്റെ മുഖപത്രത്തിൻ്റെ ഭീഷണിക്ക് ഭാഗമായി എമ്പുരാനിൽ നിന്ന് നീക്കം ചെയ്ത ഭാഗങ്ങൾ നവഫാസിസത്തിൻ്റേതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കും സംഘപരിവാറിനും എതിരായി രാഷട്രീയ പോരാട്ടമുഖം ക്ഷമാപൂർവം വികസിപ്പിച്ച് എടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നവഫാസിസ്റ്റുക്കൾക്കെതിരെയുള്ള പോരാട്ടത്തിൽ സിപിഐഎമ്മിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട എല്ലാ മുൻകൈയും എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.