പര്യടനത്തിനു കൊടിയിറങ്ങി; ഇന്നു നിശബ്ദ പ്രചാരണം
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പൊതു പര്യടനം പൂർത്തിയാക്കി മുന്നണി സ്ഥാനാർഥികള്‍. വിജയപ്രതീക്ഷ പങ്കുവച്ചാണ് യുഡിഎഫ്, എല്‍ഡിഎഫ്, എൻഡിഎ സ്ഥാനാർഥികള്‍ രണ്ടു മാസത്തോളം നീണ്ടു നിന്ന പര്യടനം അവസാനിപ്പിച്ചത്.
ഇതിനോടകംതന്നെ എല്ലാ നിയോജക മണ്ഡലങ്ങളിലും രണ്ടു വട്ടം പര്യടനമെങ്കിലും സ്ഥാനാർഥികള്‍ പൂർത്തിയാക്കി. പരമാവധി വോട്ടുകള്‍ തങ്ങളുടെ സ്ഥാനാർഥിക്ക് അനുകൂലമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു പ്രവർത്തകരും.
കനത്ത ചൂടിനെ വകവയ്ക്കാതെ വാശിയോടെയുള്ള പ്രചാരണത്തിനാണ് ജില്ലാ സാക്ഷ്യം വഹിച്ചത്. പരസ്യപ്രചാരണമില്ലാത്ത ഇന്ന് സ്ഥാനാർഥികള്‍ പരമാവധി വോട്ടർമാരെ നേരില്‍ കണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിലായിരിക്കും.
അയ്യപ്പൻകോവില്‍, കാഞ്ചിയാർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്‍റെ അവസാന വട്ട പൊതു പര്യടനം. ചപ്പാത്ത്, മാട്ടുക്കട്ട, വെള്ളിലാംകണ്ടം, കിഴക്കേ മാട്ടുക്കട്ട, കോഴിമല, സ്വരാജ്, ലബ്ബക്കട, കല്‍ത്തൊട്ടി, കാഞ്ചിയാർ പള്ളിക്കവല എന്നിവിടങ്ങളിലാണ് ഡീൻ ഇന്നലെ പര്യടനം നടത്തിയത്.
രാവിലെ യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കട്ടപ്പനയില്‍ റോഡ് ഷോയിലും സ്ഥാനാർഥി പങ്കെടുത്തു. ഉച്ച കഴിഞ്ഞ് കോതമംഗലത്ത് നടന്ന റോഡ്ഷോയിലും മൂവാറ്റുപുഴയിലും തൊടുപുഴയിലും നടന്ന കൊട്ടിക്കലാശത്തിലും പങ്കെടുത്തു.
രാവിലെ അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്‍റെ പര്യടനം. രാവിലെ മുതല്‍ നിരവധിയാളുകള്‍ സ്ഥാനാർഥിയെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ചെറുതോണിയില്‍ നടന്ന റോഡ്ഷോയില്‍ പങ്കെടുത്തു. പിന്നീട് തങ്കമണി, ഇരട്ടയാർ എന്നിവിടങ്ങളില്‍ നടന്ന സ്വീകരണ പരിപാടികളില്‍ പങ്കെടുത്തു. തുടർന്ന് കട്ടപ്പനയില്‍ നടന്ന ആവേശകരമായ കൊട്ടിക്കലാശത്തിലും സ്ഥാനാർഥി പങ്കെടുത്തു.
എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ ഇന്നലെ പഴയരിക്കണ്ടത്തുനിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് ഇടുക്കി എസ്‌എൻഡിപി യൂണിയൻ ഓഫീസും സന്ദർശിച്ചു. നെടുങ്കണ്ടത്ത് നടന്ന കൊട്ടിക്കലാശം മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൊടുപുഴയില്‍ പ്രവർത്തകർ നടത്തിയ കൊട്ടിക്കലാശത്തിലും സ്ഥാനാർഥി പങ്കെടുത്തു.