കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങൾ സജീവമാണെന്ന ശബ്ദ സന്ദേശങ്ങൾ;അടിസ്ഥാനമില്ലാത്ത പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് പൊലീസ്
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങൾ സജീവമാണെന്ന ശബ്ദ സന്ദേശങ്ങൾ;അടിസ്ഥാനമില്ലാത്ത പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് പൊലീസ്
ഇടുക്കി: ഹൈറേഞ്ചിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങൾ സജീവമാണെന്ന തരത്തിൽ സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്ന ശബ്ദ സന്ദേശങ്ങൾ വ്യാജമാണെന്ന് പൊലീസ്.അടിസ്ഥാനമില്ലാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും കട്ടപ്പന ഡിവൈ.എസ്പി പി.വി ബേബി പറഞ്ഞു.കാൽവരിമൌണ്ട് സ്കൂളിൽ നിന്നുള്ള അറിയിപ്പ് എന്ന പേരിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഒരു മിനുറ്റ് 15 സെക്കൻ്റുള്ള ശബ്ദ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്.ഇതിന് പിന്നാലെ വലിയതോവാള സ്കൂളിൻ്റെ പേരിലും 56 സെക്കൻ്റുള്ള സ്ത്രീയുടെ ശബ്ദത്തിലുള്ള സന്ദേശം പ്രചരിപ്പിക്കപ്പെട്ടു.തട്ടിക്കൊണ്ട് പോകുന്ന സംഘത്തെ പലയിടത്തായി കണ്ടുവെന്നും മാതാപിതാക്കൾ കുട്ടികളെ ഒറ്റയ്ക്ക് പുറത്ത് വിടരുതെന്നുമാണ് സന്ദേശങ്ങളിലുള ഉത്.മറ്റേതോ സ്ഥലത്ത് പ്രചരിച്ച സന്ദേശം ഹൈറേഞ്ചിലെ സ്കൂളുകളുടെ പേരിൽ പ്രചരിപ്പിക്കുന്നതാണെന്നും, അടിസ്ഥാന രഹിതമാണെന്നും പൊലീസ് വ്യക്തമാക്കി.പൊഴിക്കര ഉദയ ഗ്രൗണ്ടിനടുത്ത് അപരിചിതരായ ആളുകളെ കണ്ടെന്ന് ആദ്യത്തെത്തെ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്,എന്നാൽ അത്തരമൊരു സ്ഥലം ഇടുക്കിയിലില്ല. ഇത് പിന്നീട് വലിയതോവാള സ്കൂൾ പരിസരമാണെന്ന രീതിയിൽ മറ്റൊരു സന്ദേശവും സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയായിരുന്നു.ഭയപ്പെടുത്തുന്നതും അടിസ്ഥാന രഹിതവുമായ ഇത്തരം സന്ദേശങ്ങൾ ആളുകൾ ഷെയർ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.