ബന്ധങ്ങൾ നഷ്ടപ്പെട്ടു പോകാതെ സൂക്ഷിക്കുന്നത് ആത്മീയതയാണ്: മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ
ജീവിതത്തിൽ ബന്ധങ്ങൾ മുറിഞ്ഞു പോകാതെ സൂക്ഷിക്കുന്നത് ആത്മീയതയാണന്ന് സീറോ മലബാർ സഭയുടെ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പറഞ്ഞു. ഇരട്ടയാറിൽ നടക്കുന്ന ഇടുക്കി രൂപത ബൈബിൾ കൺവെൻഷനിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തിന്മ ബന്ധങ്ങൾ മുറിയുന്ന അനുഭവമാണ്. ദൈവവുമായും മനുഷ്യനുമായുമുള്ള ബന്ധങ്ങളിലെ ഉലച്ചിലുകളാണ് ഒരുവനെ തിന്മയിലേക്ക് നയിക്കുന്നത്. നഷ്ടപ്പെട്ടുപോയ ബന്ധങ്ങൾ വീണ്ടെടുക്കാനുള്ള കാലമാണ് നോമ്പുകാലം. അനുതാപത്തിന്റെയും പ്രാശ്ചിത്തത്തിന്റെയും അനുഭവത്തിലൂടെയാണ് നമുക്ക് ഈ ബന്ധങ്ങൾ വീണ്ടെടുക്കാൻ കഴിയുന്നത്. ജീവിതത്തിൽ വന്നുപോയ തെറ്റുകളെ ഏറ്റുപറഞ്ഞ് തിരിച്ചുവരാൻ മനസ്സുള്ളവരെ കാത്ത് കരുണാമയനായ ദൈവം കാത്തിരിപ്പുണ്ട് എന്നത് നമുക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. അതുകൊണ്ട് ബന്ധങ്ങൾ കണ്ണിയറ്റു പോകാതിരിക്കാൻ നാം വലിയ ശ്രദ്ധയും ജാഗ്രതയും ഉള്ളവരായി മാറണം എന്നും അദ്ദേഹം പറഞ്ഞു.
ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ.ജോസ് ചിറ്റടിയിൽ എന്നിവർ വിശുദ്ധ കുർബാനയ്ക്ക് സഹകാർമ്മികരായിരുന്നു. അണക്കര മരിയൻ ധ്യാനകേന്ദ്ര ഡയറക്ടർ ഫാ. ഡോമിനിക്ക് വാളൻമനാൽ നയിക്കുന്ന ബൈബിൾ കൺവെൻഷൻ നാളെ സമാപിക്കും. ഇന്നലെ വചനപ്രഘോഷണത്തിനും അഭിഷേക പ്രാർത്ഥനക്കുമായി ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നത്. സമാപന ദിവസമായ നാളെ 4.30ന് വിശുദ്ധ കുർബാനയും വചനപ്രഘോഷണവും അഭിഷേകാരാധനയം നടക്കും