അനധികൃത പരസ്യ ബോര്‍ഡുകള്‍ ഉടന്‍ നീക്കണം: ജില്ലാ കളക്ടര്‍


ജില്ലയിലെ പൊതുസ്ഥലങ്ങള്‍, പാലങ്ങള്‍, റോഡരികുകള്‍, വൈദ്യുത പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ ഉടന്‍ നീക്കംചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവിട്ടു. നഗരസഭ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഇവരുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്ന ഓരോ ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള പിഴ ചുമത്തുകയും നീക്കം ചെയ്യുന്നതിന് വേണ്ടിവരുന്ന ചെലവ് ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുക്കുകയും ചെയ്യും. അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോര്‍ഡിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് നിര്‍ദേശം. വഴിയരികില്‍ സ്ഥാപിക്കുന്ന കമാനങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ കാല്‍നടയാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും കാഴ്ചയെ മറക്കുകയും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍, പൊതു, രാഷ്ട്രീയ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സ്വയം ഇവ നീക്കംചെയ്യാന്‍ തയ്യാറാകണമെന്ന് കളക്ടര്‍ അറിയിച്ചു.