വീട്ടിലിരിക്കുന്ന പഴയ സ്വർണം ഏപ്രിൽ 1 മുതൽ അസാധു ? HUID ഹോൾമാർക്കില്ലാത്ത സ്വർണം ഇനി വിൽക്കാൻ പറ്റില്ലേ ?
സ്വർണമെന്നാൽ മലയാളിക്ക് ആഭരണം മാത്രമല്ല, അതൊരു നിക്ഷേപമാണ്. പണ്ട് കാലം മുതലേ മലയാളികൾ കൂടുതലും സ്വർണത്തിലാണ് നിക്ഷേപിക്കുന്നത്. അതുകൊണ്ട് തന്നെ പരമ്പരാഗത സ്വത്തായും മറ്റും സ്വർണാഭരണങ്ങൾ കൈമാറി വരുന്നു. പ്രമുഖ ബിസിനസ് ജേണലായ കമ്മോഡിറ്റി ഓൺലൈൻ പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം ഇന്ത്യയുടെ സ്വർണവിപണിയുടെ 20% വും കേരളത്തിലാണ് നടക്കുന്നത്. അതായത് കേരളത്തിൽ, ഒട്ടുമിക്ക എല്ലാ വീട്ടിലും തലമുറകളായി കൈമാറി വന്ന സ്വർണമോ, കുറച്ച് പഴക്കമേറിയ സ്വർണമോ ഉണ്ടാകും. ഇങ്ങനെ സ്വർണം സൂക്ഷിക്കുന്നവരെ ആശങ്കയിലാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
നമ്മുടെ കൈയിലിരിക്കുന്ന സ്വർണത്തിൽ HUID മാർക്കില്ലെങ്കിൽ 2024 ഏപ്രിൽ 1 മുതൽ അത് വിൽക്കാൻ പറ്റില്ലെന്നാണ് പ്രചരിക്കുന്ന വാർത്ത. അതുകൊണ്ട് ഏപ്രിൽ ഒന്നിന് മുൻപായി ഈ സ്വർണം വിൽക്കണമെന്ന് പറയുന്നു ചിലർ. ചിലരിതിന് പോംവഴിയുമായും രംഗത്ത് വന്നിട്ടുണ്ട്. 40 മുതൽ 200 വരെ രൂപ ചെലവാക്കി സ്വർണക്കടകളെ സമീപിച്ചാൽ അവർ ഓരോ ആഭരണത്തിനും HUID മാർക്ക് ഇട്ട് തരുമെന്നാണ് അവകാശവാദം. ഈ വാർത്തകൾ വിശ്വസിച്ച് പലരും ആശങ്കയിലാണ്.
യഥാർത്ഥത്തിൽ എന്താണ് സത്യം ? HUID മാർക്ക് ഇല്ലാത്ത വീട്ടിലിരിക്കുന്ന പഴയ സ്വർണം ഈ വർഷം ഏപ്രിൽ 1ന് ശേഷം വിൽക്കാൻ സാധിക്കില്ലേ ? സാധിക്കും എന്ന് തന്നെയാണ് ഉത്തരം. ഒഡകഉ മാർക്ക് ഇല്ലാത്ത വീട്ടിലിരിക്കുന്ന പഴയ സ്വർണം ഈ വർഷം ഏപ്രിൽ 1ന് ശേഷം വിൽക്കാൻ സാധിക്കില്ലെന്ന് പറയുന്നത് തെറ്റായ വാർത്തയാണെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. HUIDയും ഹോൾമാർക്കിംഗുമെല്ലാം വരുന്നതിന് മുൻപേയുള്ള സ്വർണങ്ങൾ നിലവിലുണ്ടെന്നും ആ സ്വർണത്തിന്റെ മാറ്റ് അനുസരിച്ചുള്ള വില ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.