‘എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതം; അന്വേഷണങ്ങളെ CPIM ഭയക്കുന്നില്ല’; എംവി ഗോവിന്ദന്‍
എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്വേഷണങ്ങളെ സിപിഐഎം ഭയക്കുന്നില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് എംവി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്.
ഇഡി, സിബിഐ അന്വേഷണം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിനും കരുവന്നൂര്‍ തട്ടിപ്പില്‍ പി രാജീവിനെതിരെയുള്ള അന്വേഷണവും രാഷ്ട്രീയപ്രേരിതമാണെന്നും എംവി ഗോവിന്ദന്‍ പറയുന്നു. അന്വേഷണങ്ങളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. സിപിഐഎമ്മിനെ വേട്ടയാടാന്‍ മോദിക്കും ബിജെപിക്കും പിന്തുണ നല്‍കുന്ന കെപിസിസിയുടെ നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിന് സമാനമാണെന്ന് അവരെ ഓര്‍മിപ്പിക്കട്ടെ . ഇടതുപക്ഷത്ത തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് -ബിജെപിയുമായി ചേര്‍ന്ന് നടത്തുന്ന ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് എംവി ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നു.
കേന്ദ്ര അവഗണനയ്ക്കെതിരെ യോജിച്ച പോരാട്ടത്തിന് യുഡിഎഫ് തയ്യാറാകാത്തതിന്റെ രാഷ്ട്രീയവും അന്തര്‍ധാര കാരണമാണെന്ന് അദ്ദേഹം പറയുന്നു. അന്വേഷണ ഏജന്‍സികള്‍ ബിജെപിയും വിഎച്ച്പിയും ബജ്റംഗ്ദളും എബിവിപിയുംപോലെ സംഘപരിവാറിലെ ഒരു സംഘടനയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.