ശബരിമല വിഷയം: കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ
ന്യൂഡൽഹി: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കും പ്രശ്നങ്ങളും പരിഹരിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ. പാര്‍ലമെന്‍റിന് അകത്തും പുറത്തും എംപിമാർ വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ചു. പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സേവ് ശബരിമല മുദ്രാവാക്യം വിളിച്ചായിരുന്നു എംപിമാരുടെ പ്രതിഷേധം. ലോക്സഭ ചേര്‍ന്ന ഉടന്‍ തന്നെ ശബരിമല വിഷയം ഉന്നയിച്ച് യുഡിഎഫ് എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. ടി എൻ പ്രതാപൻ എംപി അടിയന്തരപ്രമേയത്തിന് നോട്ടിസും നല്‍കിയിരുന്നു. ദേവസ്വം ബോർഡും പൊലീസും പരസ്പരം പഴിചാരി സമയം കളയുകയാണെന്ന് ടി എൻ പ്രതാപൻ ആരോപിച്ചു.
ശബരിമലയില്‍ ഗുരുതര സാഹചര്യമാണെന്ന് ശൂന്യവേളയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ അടിയന്തരമായി വിന്യസിക്കണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടനം ദുരന്തപൂർണമാക്കി മാറ്റിയത് സംസ്ഥാന സർക്കാരെന്ന് ആൻ്റോ ആൻ്റണി എംപിയും ആരോപിച്ചു. ഓരോ എട്ട് മണിക്കൂറിലും 650 പൊലീസുകാരെ മാത്രമാണ് മലയിൽ ഡ്യൂട്ടിക്ക് വേണ്ടി നിയോഗിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന് വേണ്ടി ഇടുക്കിയിൽ മാത്രം 2500 പൊലീസുകാരെ അനുവദിച്ചു. സർക്കാർ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയില്ലെന്നും ആന്‍റോ ആന്‍റണി കുറ്റപ്പെടുത്തി.