വാഴവരയിലെ വീട്ടമ്മയുടെ മരണം;വീടിനുള്ളിൽ ഡീസലിന്റെ അംശം കണ്ടെത്തി.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മോർപ്പാളയിൽ ജോയ്സ് എബ്രഹാമിനെ ഫാമിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

വാഴവരയിലെ വീട്ടമ്മയുടെ മരണം,വീടിനുള്ളിൽ ഡീസലിന്റെ അംശം കണ്ടെത്തി.കാനഡയിൽ മകന്റെ ഒപ്പമായിരുന്ന ജോയ്സും ഭർത്താവ് എബ്രഹാവും രണ്ടരമാസം മുൻപ് തിരിച്ചെത്തിയിരുന്നു.തുടർന്ന് എബ്രഹാമിന്റെ സഹോദരൻ ഷിബുവിനൊപ്പം ഫാമുള്ള തറവാട് വീട്ടിലായിരുന്നു താമസം, ഇവിടെയുള്ള നീന്തൽക്കുളത്തിലാണ് ജോയ്സിനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന്റെ ഉള്ളിൽ തീപിടിച്ചതിന്റെ ലക്ഷണങ്ങളും കാണപ്പെട്ടിരുന്നു.ഇതേ തുടർന്ന് ഫൊറൻസിക് വിദഗ്ധർ വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ അടുക്കളയിൽ ഡീസലിന്റെ അംശം കണ്ടെത്തുകയായിരുന്നു.
ഇവിടെ വച്ചാണ് വീട്ടമ്മയുടെ ദേഹത്ത് തീപിടിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. സമീപത്തെ മുറികളിലേക്ക് ഇവർ ഓടിയതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു.
സംഭവ സമയത്ത് കട്ടപ്പനയിലായിരുന്നുവെന്ന ഭർത്താവിന്റെ മൊഴി ശരിയാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ടെത്തിയ ആളിനെ ഫാം ചുറ്റിക്കാണിച്ച ശേഷം തിരികെ എത്തിയപ്പോഴാണ് ജോയ്സിനെ പൂളിൽ വീണ് കിടക്കുന്നത് കണ്ടതെന്നാണ് ഭർതൃ സഹോദരന്റെ ഭാര്യയുടെ മൊഴി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ജോയിസിൻറെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
എങ്ങനെയാണ് ജോയ്സ് തീപിടിച്ച് മരിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. കട്ടപ്പന ഡിവൈ.എസ് പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്