ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് ജില്ലയില്‍ ആവേശോജ്വല വരവേല്‍പ്പ്


സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേതൃത്വം നല്‍കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര, കിക്ക് ഡ്രഗ്‌സിന് ജില്ലയില്‍ ആവേശോജ്വല സ്വീകരണം. കായിക വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിച്ചത്.
യാത്രയുടെ ഭാഗമായി രാവിലെ രാമക്കല്‍മേട്ടില്‍ നിന്നാരംഭിച്ച മാരത്തോണില്‍ 250 ലേറെ കായിക താരങ്ങള്‍ പങ്കെടുത്തു. എ രാജ എം.എല്‍.എ മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
മാരത്തോണില്‍ വിജയികളായവര്‍ക്ക് കായിക മന്ത്രി ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു. മാരത്തോണ്‍ ഓട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് കായികാധ്യപകന്‍ ദ്രോണാചര്യ കെ.പി തോമസിന്റെ നേതൃത്വത്തില്‍ മെഡലുകളും വിതരണം ചെയ്തു.
തുടര്‍ന്ന് നെടുംങ്കണ്ടം പടിഞ്ഞാറെ കവലയില്‍ നിന്നും കിഴക്കേ കവലയിലേക്കുള്ള വാക്കത്തോണിന്റെ ഫ്ളാഗ് ഓഫ് എം. എം. മണി എം.എല്‍.എ നിര്‍വഹിച്ചു. കായിക മന്ത്രി അബ്ദു റഹ്‌മാനോടൊപ്പം ജനപ്രതിനിധികളും കായിക താരങ്ങളും എന്‍.സി.സി, എസ്.പി.സി കേഡറ്റുകളും, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അംഗങ്ങളും വിദ്യാര്‍ത്ഥികളും വാക്കത്തോണില്‍ പങ്കാളികളായി. റോളര്‍ സ്‌കേറ്റിംഗ്, കളരിപ്പയറ്റ്, കരാട്ടേ, ജൂഡോ, വുഷു, വടംവലി തുടങ്ങിയ കായിക ഇനങ്ങളുടെ പ്രദര്‍ശനവും നടന്നു.
നെടുംകണ്ടം കിഴക്കേ കവലയില്‍ നടന്ന പൊതുസമ്മേളനം എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന അതി വിപത്തായ ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടി സംസ്ഥാനത്ത് വിപുലമായി സംഘടിപ്പിക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണെന്ന് എം.എല്‍. എ പറഞ്ഞു. അതിന്റെ ഭാഗമായുള്ളതാണ് ലഹരി വിരുദ്ധ സന്ദേശയാത്രയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറനാക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു.
ലഹരിക്കെതിരായ ഈ ക്യാമ്പയിന്‍ കേരളം ഏറ്റെടുത്തുവെന്ന് ചടങ്ങില്‍ സംസാരിച്ച വാഴൂര്‍ സോമന്‍ എം.എല്‍.എ പറഞ്ഞു. ലഹരി എന്ന സാമൂഹ്യ തിന്മക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് എ. രാജ എം.എല്‍ എ പറഞ്ഞു.
ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നെടുങ്കണ്ടം ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അമിന്‍ അല്‍ ഹസനി ലഹരി വിരുദ്ധ
സന്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവി വിഷ്ണുപ്രസാദ് ടി.കെ, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാകുമാരി മോഹന്‍ദാസ്,
എസ്. എന്‍. ഡി. പി യോഗം നെടുംങ്കണ്ടം യൂണിയന്‍ പ്രസഡന്റ് സജി പറമ്പത്ത്, എന്‍. എസ്. എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണികണ്ഠന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പയ്യമ്പിള്ളി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സാജന്‍ കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ കായിക മന്ത്രിയെ ചടങ്ങില്‍ ആദരിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ കെ.എം ബിനു, കായികാധ്യപകന്‍ ദ്രോണാചര്യ കെ.പി തോമസ് എന്നിവര്‍ക്ക് മന്ത്രി മെമെന്റോ സമ്മാനിച്ചു. കായിക താരങ്ങള്‍ക്കും മന്ത്രി മെമെന്റോ നല്‍കി.
കായിക വകുപ്പിന്റെ നേതൃത്വത്തില്‍ കളിക്കളം വീണ്ടെടുക്കലിന്റെ ഭാഗമായി നിര്‍മ്മാണം നടക്കുന്ന നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം, എഴുകുംവയല്‍ മിനി കളിക്കളം, കാല്‍വരി മൗണ്ട് ഹൈസ്‌കൂള്‍, ഇടുക്കി ഐ.ഡി.എ ഗ്രൗണ്ട് എന്നിവിടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി.