ഉത്പാദന ചെലവ് പോലും ലഭിക്കുന്നില്ല; കണ്ണീരും കൈയുമായി ചെറുകിട തേയില കര്‍ഷകര്‍
ഉയരും കൂടുന്തോറും ചായയ്ക്ക് രുചിയേറുമെന്ന പരസ്യ വാചകം പോലെ കര്‍ഷകരില്‍ നിന്ന് അകലം കൂടുന്തോറും തേയിലയ്ക്ക് വിലയേറുകയാണ്. അതേ സമയം ഉത്പാദന ചെലവ് പോലും കിട്ടാത്ത അവസ്ഥയില്‍ കൃഷി തന്നെ ഉപേക്ഷിക്കാനൊരുങ്ങുകയാണ് ചെറുകിട തേയില കര്‍ഷകര്‍.
ഒരു കിലോ തേയില ഉത്പാദിപ്പിക്കാൻ 12- 13 രൂപ ചെലവ് വരുമ്ബോള്‍ കര്‍ഷകര്‍ക്ക് പത്ത് രൂപ പോലും കിട്ടുന്നില്ല. മുൻ വര്‍ഷങ്ങളില്‍ 20 മുതല്‍ 25 രൂപ വരെ കിലോയ്ക്ക് ലഭിച്ച സ്ഥാനത്താണിതെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു കിലോഗ്രാം പച്ചക്കൊളുന്ത് വിളവെടുക്കുന്നതിന് മാത്രം അഞ്ച് രൂപ കൂലി നല്‍കണം.
തണല്‍ ക്രമീകരണം, കള നീക്കല്‍, വളം- കീടനാശിനി പ്രയോഗം എന്നിവയ്ക്കുള്ള ചെലവ് കിലോഗ്രാമിനു ആറ് രൂപയിലധികം വരും. ആകെ 12 രൂപ ചെലവഴിക്കുമ്ബോള്‍ തിരികെ 10 രൂപ കിട്ടിയാലായി. വളത്തിനും കീടനാശിനികള്‍ക്കുമൊപ്പം പണിക്കൂലിയും മുമ്ബുള്ളതിനേക്കാളും വര്‍ദ്ധിച്ചു.
അതേസമയം ചായപ്പൊടിക്ക് വിപണിയില്‍ ഒരുവിധത്തിലുള്ള വിലക്കുറവും സംഭവിച്ചിട്ടില്ല. നിലവിലെ ഉത്പാദന ചെലവ് അനുസരിച്ച് പച്ചത്തേയിലയ്ക്ക് കിലോഗ്രാമിന് പതിനഞ്ച് രൂപയെങ്കിലും ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ കടക്കെണിയിലാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
ചെറുകിട തേയില കര്‍ഷക ഫെഡറേഷന്റെ കണക്കനുസരിച്ച് ഇടുക്കി ജില്ലയില്‍ മാത്രം ഏകദേശം ഇരുപതിനായിരത്തിലധികം ചെറുകിട തേയില കര്‍ഷകരുണ്ട്. പീരുമേട്, ദേവികുളം, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിലാണ് ചെറുകിട തേയില കൃഷിക്കാര്‍ കൂടുതലുള്ളത്.
ലാഭമൂറ്റുന്നത് ഇടനിലക്കാര്‍
ചെറുകിട കര്‍ഷകരുടെ കൈയില്‍ നിന്ന് 10 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ പച്ചക്കൊളുന്ത് ഏജൻസികള്‍ ഫാക്ടറികള്‍ക്ക് നല്‍കുന്നത് 23 മുതല്‍ 24 രൂപ വരെ വിലയ്ക്കാണ്. ചെറുകിട കര്‍ഷകര്‍ നേരിട്ടെത്തിച്ചാല്‍ രജിസ്ട്രേഷനില്ലെന്ന കാരണം പറഞ്ഞ് ഫാക്ടറികള്‍ കൊളുന്ത് വാങ്ങില്ല. കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തക്കേണ്ട തേയില ബോര്‍ഡും ഇക്കാര്യത്തില്‍ ഇടപെടാറില്ലത്രെ.
കാലാവസ്ഥയും പ്രതികൂലം
കാലാവസ്ഥാ മാറ്റം കാരണം പല സമയങ്ങളിലും ലഭിക്കുന്ന കൊളുന്തിന്റെ അളവിലും വലിയ കുറവാണ് വരുന്നത്. ചെറിയ ചാറ്റല്‍ മഴയും നേരിയ വെയിലും ഇളം തണുപ്പുമാണ് കൃഷിയ്ക്ക് അനുയോജ്യം. എന്നാല്‍ ഇപ്പോള്‍ കടുത്ത വെയിലും ശക്തമായ മഴയും മാറി മാറി വരുന്നത് ദോഷം ചെയ്യുന്നുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മഞ്ഞു വീഴ്ചയുണ്ടായാല്‍ കൊളുന്ത് കരിഞ്ഞു പോകും. കഴിഞ്ഞ ജനുവരിയില്‍ നൂറുകണക്കിന് ഏക്കര്‍ കൃഷിയാണ് മഞ്ഞുവീഴ്ചയില്‍ നശിച്ചത്. ടീ ബോര്‍ഡ് അംഗങ്ങളും ഫാക്ടറി ഉടമകളും ഏജൻസികളും ചേര്‍ന്ന് ഏകപക്ഷീയമായാണ് വില നിര്‍ണയിക്കുന്നത്. ഒരു ഘട്ടത്തിലും കര്‍ഷകരുടെ അഭിപ്രായം കേള്‍ക്കാറില്ല. ഇനി കൃഷി ഉപേക്ഷിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബോര്‍ഡ് ഡയറക്ടര്‍ക്കും എം.ഡിയ്ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
വൈ.സി. സ്റ്റീഫൻ, ചെറുകിട തേയില
കര്‍ഷക ഫെഡറേഷൻ പ്രസിഡന്റ്