കരിമ്പൻ ഇഞ്ചവരക്കുത്ത് പദ്ധതി അനുമതി ലഭിക്കാത്തതിനാല്‍ ഫയലിലുറങ്ങുന്നു
ചെറുതോണി: രണ്ട് പഞ്ചായത്തിന് വെളിച്ചമേകാൻ ലക്ഷക്കണക്കിന് രൂപ മുടക്കി പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കിയ കരിമ്ബൻ ഇഞ്ചവരക്കുത്ത് പദ്ധതി അനുമതി ലഭിക്കാത്തതിനാല്‍ ഫയലിലുറങ്ങുന്നു . ചേലച്ചുവടിന് സമീപം പെരിയാറ്റിലെ ഇഞ്ചവരക്കുത്തില്‍ കീരിത്തോട് ഇലക്ട്രിസിറ്റി സ്മോള്‍ സ്ക്കീം എന്ന പേരില്‍ കെ.എസ്.ഇ.ബി. ഇൻവെസ്റ്റിഗേഷൻ മൂന്നാര്‍ സര്‍വേ ടീമായിരുന്നു സാധ്യതാ പഠനം നടത്തിയത്. വൈദ്യുതി ബോര്‍ഡിലെ അസി.എക്സി. എൻജിനീയറായിരുന്ന കെ.കെ.ശിവരാജന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും പദ്ധതിക്ക് ഇതുവരെ തുടക്കം കുറിച്ചിട്ടില്ല.
പദ്ധതി പൂര്‍ത്തിയാക്കാൻ 50 കോടിയുടെ ചിലവാണ് കണക്കാക്കുന്നത്. സര്‍ക്കാരിന്‍റെ അംഗീകാരം കിട്ടാൻ കാത്തിരിക്കുകയാണ് വൈദ്യുതി ബോര്‍ഡ്. 10 വര്‍ഷം മുൻപ് അന്നത്തെ വൈദ്യുതി മന്ത്രി നല്‍കിയ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് പഠനം നടത്താൻ തീരുമാനിച്ചത്. ഒരു വര്‍ഷത്തോളം നീണ്ട പഠനത്തിനും നിരീക്ഷണത്തിനും ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇഞ്ചവരക്കുത്തിന്റെ ഇരുകരയിലുമായി കിടക്കുന്ന കഞ്ഞിക്കുഴി വാത്തിക്കുടി പഞ്ചായത്തുകളില്‍ മാത്രം വൈദ്യുതി ഇനിയും ലഭിച്ചിട്ടില്ലാത്ത നിരവധി കുടുംബങ്ങളുണ്ട്. മിനിമം ഗാരണ്ടി പ്രകാരം വൈദ്യുതി എത്തിക്കാൻ വീടുകളുടെ അകലം തടസമായി നില്‍ക്കുന്നത് മൂലമായിരുന്നു ഇവിടെ വൈദ്യുതി എത്താതിരുന്നത്. അതേ സമയം ഇഞ്ച വരക്കുത്ത് പദ്ധതി യഥാര്‍ത്ഥ്യമായാല്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഇവിടെത്തന്നെ വിതരണം ചെയ്യാൻ കഴിയുമെന്ന കണക്കുകൂട്ടലും ബോര്‍ഡിനുണ്ട്.
ഉല്‍പ്പാദനമേഖലയില്‍ത്തന്നെ വിതരണം ചെയ്താല്‍ ബോര്‍ഡിന്റെ ലാഭം വര്‍ധിക്കും. ദൂരെ സ്ഥലങ്ങളില്‍ എത്തിച്ച് വിതരണം ചെയ്യുന്നത് ചെലവേറുമെന്നിരിക്കെ തദ്ദേശ വാസികള്‍ക്ക് തന്നെ വിതരണം ചെയ്യണമെന്നാണ് ബോര്‍ഡിന്റെ താല്‍പ്പര്യം. ഇപ്പോഴത്തെ കണക്കനുസരിച്ച് അഞ്ച് മെഗാവാട്ട് വൈദ്യുതി വീതം ലഭിച്ചാല്‍ രണ്ടര വര്‍ഷം കൊണ്ട് പദ്ധതിക്ക് ചിലവായതുക തിരിച്ചു കിട്ടും. ജനറേറ്റര്‍ സ്ഥാപിക്കുന്ന ചിലവും വിതരണ ലൈനുകള്‍ നിര്‍മ്മിക്കുന്ന ചെലവുമാണ് അധികമായി ഉണ്ടാകുക. വിനോദ സഞ്ചാര കേന്ദ്രമായി വളരാൻ സാധ്യതയുള്ള ഈ പ്രദേശത്തുകൂടിയാണ് ആലപ്പുഴ മധുര സ്റ്റേറ്റ് ഹൈവേ കടന്നുപോകുന്നത്.