പേനയിൽ വിരിയുന്ന സർഗവിസ്മയം
ആലുവ വിദ്യോദയ സ്കൂളിലെ രസതന്ത്ര വിഭാഗവും സീഡ് ക്ലബ്ബ് അംഗങ്ങളും ചേർന്ന് ഉപയോഗിച്ചു തീർന്ന പ്ലാസ്റ്റിക്പേനകൾ ശേഖരിച്ച് മനോഹരമായ കലാചാതുരിക്ക് വഴിയൊരുക്കി.
വിദ്യാർത്ഥികളിൽ നിന്നും സ്റ്റാഫംഗങ്ങളിൽ നിന്നും ശേഖരിച്ച മൂവായിരത്തോളം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ആർട്ട് ആന്റ് ക്രാഫ്റ്റ് ക്ലബ്ബിന് കൈമാറി. ആർട്ട് ആന്റ് ക്രാഫ്റ്റ് വിഭാഗം അധ്യാപകരായ ശ്രീമതി. ജിനി, ശ്രീമതി. സേതുലക്ഷ്മി, ശ്രീ. മനോഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ചന്ദ്രയാൻ 3 ന്റെ നയനമനോഹരമായ കരകൗശലശില്പം നിർമ്മിച്ചു. ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ ഭൂമിയിലുണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് അധ്യാപികയായ ശ്രീമതി ഹേമയും വിദ്യാർഥികളും അസംബ്ലിയിൽ ബോധവത്കരണവും നടത്തിയിരുന്നു.
പ്രകൃതിക്ക് നാശം വിതയ്ക്കുന്ന ആയിരക്കണക്കിന് പേനകൾ ഇത്തരത്തിൽ പുനരുപയോഗിക്കുന്നതിലൂടെ, നാം അധിവസിക്കുന്ന പ്രകൃതിയെ സംരക്ഷിച്ച് വരുംതലമുറയ്ക്ക് കുറ്റമറ്റതായി നൽകുക എന്ന ലക്ഷ്യമാണ് നിറവേറ്റപ്പെടുന്നത്.