കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്ന സംഭവം: ഗുണ്ടാ നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി
ബയോ മെഡിക്കൽ മാലിന്യം (ബിഎംഡബ്ല്യുഎം) നീക്കം ചെയ്യുന്നത് സംബന്ധിച്ച ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാൻ ഗുണ്ടാ ആക്റ്റില്‍ ഭേദഗതി വരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. 1982ലെ 14-ാം ആക്ടിൽ ഭേദഗതി കൊണ്ടുവരണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിരീക്ഷിച്ചത്. കേരളത്തില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യം തെങ്കാശിയില്‍ തളളാനെത്തിയ വാഹനം കയ്യോടെ പിടിച്ചതാണ് കേസിന് ആസ്പദമായ സംഭവം. ഈ വാഹനം വിട്ടുനല്‍കാന്‍ ആലങ്ങുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനെതിരെ ആലങ്ങുളം പോലീസ് നൽകിയ റിവിഷൻ ഹർജിയിലാണ് ജസ്റ്റിസ് കെ കെ രാമകൃഷ്ണന്‍ ഗുണ്ടാ ആക്റ്റ് സംബന്ധിച്ച നിരീക്ഷണം നടത്തിയത്.
ആലങ്ങുളം – തിരുനെൽവേലി റോഡിലെ കുറുവൻകോട്ട ഗ്രാമത്തിൽ മാലിന്യം തള്ളാൻ, കേരളത്തില്‍ നിന്നെത്തിയ വാഹനത്തിലെ ഡ്രൈവർ ശ്രമിച്ചപ്പോൾ ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിൽ കയ്യോടെ പിടികൂടിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വാഹനം ആലങ്ങുളം പൊലീസിന് കൈമാറി. പൊലീസ് കേസെടുക്കുകയും വാഹനം പിടികൂടുകയും ചെയ്തു. എന്നാൽ ചില നിബന്ധനകളോടെ വാഹനം വിട്ടുനൽകാൻ ആലങ്ങുളം മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു. മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ് തെറ്റാണെന്ന് നിരീക്ഷിച്ച മധുര ബെഞ്ചിലെ ജസ്റ്റിസ് രാമകൃഷ്ണൻ ഉത്തരവ് റദ്ദാക്കി.