ഇടുക്കിയെ മിടുക്കിയാക്കാന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ വരുന്നു
ഇടുക്കി ജില്ലാ സ്‌കില്‍ കമ്മിറ്റിയും മൈക്രോസോഫ്റ്റും കൈകോര്‍ത്ത് ജില്ലയില്‍ വിവിധ നൈപുണ്യ വികസന കോഴ്‌സുകള്‍ ആരംഭിക്കുവാന്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. തുടക്കത്തില്‍ നിര്‍മിത ബുദ്ധി, മൈക്രോസോഫ്റ്റ് 365 ഓഫീസ് എന്നിവയിലാണ് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നത്.
ജില്ലാ നൈപുണ്യ സമിതിയും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയിലേക്ക് ഗോത്ര മേഖലയില്‍ ഉള്‍പ്പെട്ട ഒരു സ്‌കൂളിന് കമ്പ്യൂട്ടര്‍ ലാബ് തുടങ്ങാന്‍ സഹായം നല്‍കുവാനും തീരുമാനിച്ചു. ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പദ്ധതികള്‍ ജില്ലക്ക് അനുവദിക്കാനുള്ള സന്നദ്ധത മൈക്രോസോഫ്റ്റ് അറിയിച്ചതായി ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഭിന്നശേഷി കുട്ടികള്‍ക്ക് വിവിധ പദ്ധതികള്‍ നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് കുമാര്‍, മൈക്രോസോഫ്റ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.