കട്ടപ്പന സെൻട്രൽ ജങ്ഷനിൽ ബസ് സ്റ്റോപ്പ് മാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം.ഓട്ടോ തൊഴിലാളികളാണ് തടസ്സവുമായി രംഗത്ത് വന്നത്
കട്ടപ്പന സെൻട്രൽ ജങ്ഷനിൽ ബസ് സ്റ്റോപ്പ് മാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം.ഓട്ടോ തൊഴിലാളികളാണ് തടസ്സവുമായി രംഗത്ത് വന്നത്.കട്ടപ്പന നഗരസഭയുടെ നിർദ്ദേശപ്രകാരം ബസ് സ്റ്റോപ്പ് മാർക്ക് ചെയ്യാനെത്തിയ കരാറുകാരനെയും ജോലിക്കാരെയുമാണ് സെൻട്രൽ ജംഗ്ഷനിലെ സ്റ്റാൻഡിൽ സവാരി നടത്തുന്ന ഓട്ടോറിക്ഷാ തൊഴിലാളികൾ തടഞ്ഞത്.ഓട്ടോ സ്റ്റാൻഡിന് അനുവദിച്ച സ്ഥലം കൈയ്യേറിയാണ് ബസ് സ്റ്റോപ്പ് മാർക്ക് ചെയ്യുവാൻ ശ്രമം നടത്തിയത് എന്നാണ് ഓട്ടോ തൊഴിലാളികൾ ആരോപിക്കുന്നത്.സെൻട്രൽ ജംഗ്ഷനിലെ ഒരു വ്യാപാരി തന്റെ സ്ഥാപനത്തിന് മുൻപിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇതേ തുടർന്നാണ് ഈ സ്ഥാപനത്തിന് മുൻപിൽ നിന്ന് 2 മീറ്റർ മാറി ബസ് സ്റ്റോപ്പ് മാർക്ക് ചെയ്തത്.അതേ സമയം ഓട്ടോ റിക്ഷകൾ പാർക്ക് ചെയ്തിരിക്കുന്ന ഭാഗം നോ പാർക്കിംഗ് ഏരിയ ആണെന്നാണ് നഗരസഭ പറയുന്നത്.ഇവിടെ നോ പാർക്കിംഗ് മാർക്ക് ചെയ്തിരുന്നുവെങ്കിലും മായ്ച്ച നിലയിലാണ്.കരാറുകാരുമായി തർക്കം ഉണ്ടായതോടെ തൊഴിലാളി യൂണിയൻ നേതാക്കളും പൊലീസുമെത്തിയാണ് പ്രശ്നം പരിഹരിച്ചത്.അതേ സമയം ഓട്ടോ സ്റ്റാൻഡ് നോ പാർക്കിംഗ് ഏരിയയിൽ ആണോ അല്ലയോ എന്നതിൽ അവ്യക്തതയുണ്ട്.