മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കാളികളായി നിയമസഭാ മണ്ഡലങ്ങള്‍ തോറും സംഘടിപ്പിക്കുന്ന നവകേരള സദസ്സ് ജില്ലയില്‍ ഡിസംബര്‍ 10, 11, 12 തീയതികളില്‍ നടക്കും
പരിപാടിയുടെ കട്ടപ്പന നഗരസഭാതല സംഘാടക സമിതി യോഗം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യുഡിഎഫ് കൗണ്‍സിലര്‍മാരും നേതാക്കളും പരിപാടി ബഹിഷ്‌കരിച്ചു. കൗണ്‍സിലര്‍ ഷാജി കൂത്തോടി അധ്യക്ഷനായി. സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. നവകേരളീയ സദസ് ഇടുക്കി നിയോജക മണ്ഡലം കണ്‍വീനറും ബിഡിഒയുമായ മുഹമ്മദ് സബീര്‍ പരിപാടികള്‍ വിശദീകരിച്ചു.
ലോകചരിത്രത്തില്‍ തന്നെ ആദ്യമായാണ് മന്ത്രിസഭ ഒന്നടങ്കം വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും ജനങ്ങളെ കേള്‍ക്കാനുമായി മണ്ഡലങ്ങള്‍ തോറും പര്യടനം നടത്തുന്നത്. സര്‍ക്കാര്‍ രണ്ടരവര്‍ഷം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ഭാവിവികസനവും വിശദീകരിക്കാനും ജനങ്ങളുടെ കാഴ്ചപ്പാട് അറിയാനുമാണ് നവകേരള സദസ്സുകള്‍. ദിവസവും പ്രഭാതസംഗമത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട പ്രമുഖരാണ് പ്രഭാതസംഗമങ്ങളിലെത്തുക. സംരംഭകര്‍, കലാകാരന്മാര്‍, പൊതുപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ളവര്‍ പ്രഭാത കൂടിക്കാഴ്ചയുടെ ഭാഗമാകും. എല്ലാ സദസ്സുകളിലും മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. എല്ലാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ തലത്തിലുള്ള വിപുലമായ സംഘാടക സമിതികള്‍ നിലവില്‍ വന്നുകഴിഞ്ഞു. നവകേരളനിര്‍മിതിയുടെ ഭാഗമായി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങള്‍ വിമര്‍ശനാത്മകമായി വിലയിരുത്തും. ഭാവിവികസനം സംബന്ധിച്ച പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളുടെ അവതരണമായും സദസ്സ് മാറും.
യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരായ സുധര്‍മ മോഹനന്‍, സിജോമോന്‍ ജോസ്, ധന്യ അനില്‍, ഷജി തങ്കച്ചന്‍, ബിനു കേശവന്‍, ബിന്ദുലത രാജു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ മനോജ് എം തോമസ്, അഡ്വ. വി എസ് അഭിലാഷ്, രവീന്ദ്രന്‍ ഇലവന്തിക്കല്‍, എം സി ബിജു, കെ പി സുമോദ് തുടങ്ങിയവര്‍ സംസാരിച്ചു.