കേരളത്തിലെ സുപ്രധാന ജലവൈദ്യുതോൽപ്പാദന കേന്ദ്രമായ ഇടുക്കി അണക്കെട്ടിൽ നടന്നത് അട്ടിമറി ശ്രമമെന്ന് സംശയം
ഇടുക്കി: കേരളത്തിലെ സുപ്രധാന ജലവൈദ്യുതോൽപ്പാദന കേന്ദ്രമായ ഇടുക്കി അണക്കെട്ടിൽ നടന്നത് അട്ടിമറി ശ്രമമെന്ന് സംശയം. ഡാം സൈറ്റിലെ ഹൈ മാസ്റ്റ് ലൈറ്റുകളുടെ കൺട്രോൾ യൂണിറ്റുകൾ താഴിട്ടു പൂട്ടുകയും, ഷട്ടർ കേബിളുകളിൽ അജ്ഞാത ദ്രാവകം ഒഴിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് മഴ കനക്കുന്ന സമയത്ത് ഷട്ടറുകൾ ജാമാക്കി അപകടമുണ്ടാക്കാനുള്ള ശ്രമമാണെന്ന സംശയമാണ് ഇപ്പോൾ പോലീസിനുള്ളത്. ഒറ്റപ്പാലം സ്വദീശിയായ യുവാവാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് സൂചന ലഭിച്ചു. സിസിടിവി യിലടക്കം ഇയാളുടെ ദൃശ്യങ്ങളുണ്ട്. എന്നാൽ കൃത്യം നിർവ്വഹിച്ച് ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇയാൾക്ക് പ്രാദേശിക സഹായം ഇതിനായി ലഭിച്ചിട്ടുണ്ട്. രണ്ട് തിരൂർ സ്വദേശികളെ പോലീസ് ചോദ്യം ചെയ്‌ത് വിട്ടയക്കുകയായിരുന്നുവെന്നും ഭീകരബന്ധം സംശയിക്കുന്ന കേസിൽ അന്വേഷണം മന്ദഗതിയിലാണെന്നും ആരോപണമുണ്ട്. പ്രതി ഗൾഫ് മേഖലയിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
2022 മെയ് മാസത്തിലാണ് ഇന്ററലിജൻസ് ബ്യുറോ സംസ്ഥാന സർക്കാരിന് കേരളത്തിലെ ഡാമുകൾ സുരക്ഷാ ഭീഷണി നേരിടുന്നതായും സുരക്ഷ സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് കൈമാറണമെന്നും മുന്നറിപ്പ് റിപ്പോർട്ട് നൽകിയിരുന്നത്. കേരളത്തിലെ വൈദ്യുതി ഉൽപ്പാദന ഡാമുകൾ ഭീകരർ ലക്‌ഷ്യം വച്ചേക്കാമെന്നും പല ജലവൈദ്യുത പദ്ധതികളും കാടിനുള്ളിൽ ആയതിനാലുമുള്ള സുരക്ഷാ പ്രശ്നങ്ങളുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. ഇടത് നക്സൽ ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം കേരളത്തിലെ കാടുകളിൽ ഉള്ളതും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ 14 ഡാമുകളിൽ സുരക്ഷാ പരിശോധനയും ഓഡിറ്റും നടക്കുകയും ചില കണ്ണിൽ പൊടിയിടുന്ന നടപടികൾ എടുക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രധാന ഡാമുകളുടെ സുരക്ഷയിൽ പോലും വലിയ വിടവുണ്ടെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. 2023 ജൂലൈ 22 വൈകുന്നേരം 03:15 നാണ് ഇടുക്കി ഡാമിന് നേരെ ആക്രമണം നടക്കുന്നത്. 11 കണ്ട്രോൾ യൂണിറ്റുകൾ താഴിട്ടു പൂട്ടിയിട്ടും ഷട്ടറിൽ ദ്രാവകം ഒഴിച്ച് കേടാക്കാൻ ശ്രമിച്ചിട്ടും ഇക്കാര്യം അധികൃതർ അറിയുന്നത് സെപ്റ്റംബർ 08 നാണ്.