എ.ബി.പി പരിപാടിയ്ക്ക് ജില്ലയില്‍ തുടക്കം
ജില്ലയില്‍ പിന്നാക്കം നില്‍ക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന് (എ.ബി.പി) ജില്ലയില്‍ തുടക്കമായി. കേന്ദ്ര സംസ്ഥാന പദ്ധതികളെ സംയോജിപ്പിച്ച് നീതി ആയോഗ് തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പരിപാടി നടപ്പാക്കുക. ഇത് സംബന്ധിച്ച് ആദ്യഘട്ട യോഗം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. രാജ്യത്ത് വികസനരംഗത്ത് പിന്നാക്കം നില്ക്കുന്ന ബ്ലോക്കുകളിലാണ് പരിപാടി നടപ്പാക്കുക . സംസ്ഥാനത്ത് 9 ബ്ലോക്കുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇടുക്കിയിലെ ദേവികുളം, അഴുത ബ്ലോക്കുകളില്‍ പദ്ധതി നടപ്പാക്കും . ആരോഗ്യവും പോഷണവും, വിദ്യാഭ്യാസം, കൃഷിയും അനുബന്ധ സേവനങ്ങളും, സാമൂഹിക വികസനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകള്‍ക്കാണ് ഊന്നല്‍ നല്‍കുക . ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും രൂപീകരിക്കപ്പെട്ടിട്ടുള്ള സമിതികള്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കും. ജില്ലാ കളക്ടറാണ് ജില്ലാതല നോഡല്‍ ഓഫീസര്‍.
കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ബന്ധപ്പെട്ട ജില്ലാതല ഓഫീസര്‍മാര്‍, ദേവികുളം, അഴുത എന്നിവിടങ്ങളിലെ ബി.ഡി.ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.