ഹീമോഫീലിയ രോഗികളുടെ ചികില്‍സാ സഹായം നിര്‍ത്തലാക്കി;സംസ്ഥാനത്തെ രണ്ടായിരത്തില്‍ താഴെ മാത്രം വരുന്ന ഹീമോഫീലിയ രോഗികളുടെ ചികിത്സ സഹായവും സാമ്പത്തിക പ്രതിസന്ധി മൂലം വഴിമുട്ടി.


ഹീമോഫീലിയ ബാധിതരുടെ കൈവശം സൗജന്യമായി നല്‍കിയിരുന്ന ഫാക്ടര്‍ മരുന്ന് വിതരണം സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തിയതോടെ രോഗബാധിതരായ വിദ്യാര്‍ഥികളുടെ പഠനമടക്കം മുടങ്ങി. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നേരിട്ടെത്തി ഇന്ഞ്ചെക്ഷനെടുക്കേണ്ട ഗതികേടിലാണിവര്‍.
കാല്‍മുട്ടില്‍ ആന്തരിക രക്തസ്രാവം. ഒപ്പം മോണയില്‍ നിന്നുമുള്ള രക്തസ്രാവവും കൂടിയതോടെ ജീവന്‍പോകുന്ന വേദനയിലാണ് ഈ പതിനേഴുകാരന് ജീവിതം തള്ളിനീക്കുന്നത്. ചെമ്പ് പഞ്ചായത്തിലെ മുറിഞ്ഞപുഴ കൂമ്പയില്‍ മത്സ്യത്തൊഴിലാളിയായ വിനോദിന്റേയും കനിയുടേയും രണ്ട് ആണ്മക്കളും ഹീമോഫീലിയ ബാധിതരാണ്. കാരുണ്യ പദ്ധതി വഴി ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യമായി ലഭിച്ചിരുന്ന ഫാക്ടര്‍ ഇഞ്ചെക്ഷനുകളായിരുന്നു ഒരു വര്‍ഷം മുന്‍പ് വരെ ഇവരുടെ ആശ്രയം. വേദന കൂടുമ്പോള്‍ ഏത് രാത്രിയിലും വീട്ടില്‍ വച്ച് മരുന്നെടുക്കാം. ആ സൗജന്യം നിലച്ചതോടെ വേദന ഭയന്ന് ഇവര്‍ രണ്ട് പേരും വീടിന് പുറത്തിറങ്ങാതായി. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ശ്രേയസ് ഇതുവരെ കോളേജില്‍ പോയിട്ടുമില്ല.
രോഗികള്‍ മരുന്ന് ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ സൗജന്യം നിര്‍ത്തലാക്കിയത്. വേദനയുമായി പുളയുന്ന മക്കളുമായി ആശുപത്രിയിലെത്തുമ്പോള്‍ ചിലപ്പോള്‍ മരുന്ന് ലഭിക്കാറുമില്ല. കാരുണ്യക്ക് പകരം സര്‍ക്കാർ കൊണ്ടുവന്ന ആശാധാര പദ്ധതിയും ഹീമോഫീലിയ രോഗികള്‍ക്ക് തുണയാകുന്നില്ല. ശ്രാവണിനേയും, ശ്രേയസിനേയും പോലെ സംസ്ഥാനത്തെ മുഴുവന്‍ ഹീമോഫീലിയ രോഗികളും സമാനമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. ഹീമോഫീലിയ രോഗികള്‍ക്ക് സാമൂഹ്യസുരക്ഷാമിഷന് വഴി ലഭിക്കുന്ന ആയിരം രൂപ ക്ഷേമ പെന്‍ഷനും ഇവരെ തേടിയെത്തുന്നത് നാലും അഞ്ചും മാസം കൂടുമ്പോള്‍ മാത്രമാണ്.