ദുബായിലേത് സ്വകാര്യ സന്ദര്‍ശനം; വിശദീകരണം നല്‍കി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: തന്‍റെ ദുബായ് സന്ദർശനം സ്വകാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരിച്ചു. അതേസമയം, പേഴ്സണൽ സ്റ്റാഫിന്റെ സന്ദര്‍ശനം ഔദ്യോഗികമാണെന്ന് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ വിശദീകരണ കുറിപ്പിൽ പറഞ്ഞു.
യുകെ, നോർവേ എന്നിവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് സന്ദർശിച്ചത്. വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെയായിരുന്നു മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം. പിന്നീട് അനുമതി തേടി മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്സണൽ അസിസ്റ്റന്‍റിനെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. സ്വകാര്യ സന്ദർശനത്തിന് സർക്കാർ ജീവനക്കാരെ കൂടെ കൂട്ടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയത്.
തന്റെ ദുബായ് സന്ദർശനം സ്വകാര്യമാണ്. പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ടെന്നും അദ്ദേഹം ഔദ്യോഗിക സന്ദർശനം ആണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ-ഫയൽ പരിശോധിക്കാനും മന്ത്രിസഭാ യോഗത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും പേഴ്സണൽ സ്റ്റാഫിനെ കൂടെ കൊണ്ടുപോയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ദുബായ് സന്ദർശനത്തിന്‍റെ മുഴുവൻ ചെലവും താൻ വ്യക്തിപരമായി വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.