കനത്ത മഴ, ഓറഞ്ച് അലര്‍ട്ട്; സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പരീക്ഷകളിലും മാറ്റം
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർകോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമായിരിക്കില്ല. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം, ഇടുക്കിയിലും കോട്ടയത്തും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും ഇൻ്റർവ്യൂകൾക്കും മാറ്റം ഉണ്ടാകില്ല. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. രണ്ട് ജില്ലകളില്‍ കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് റെഡ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രിയാത്രയും നിരോധിച്ചു. അതേസമയം, മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ട് പേർ മരിച്ചു. പാലക്കാട് വടക്കഞ്ചേരിയിൽ തെങ്ങ് വീണ് ആദിവാസി സ്ത്രീ മരിച്ചു. തൃശ്ശൂർ അരിപ്പാലത്ത് തോട്ടില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ഇരുവഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട് കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ.ഹുസൈൻ കുട്ടി എന്നയാളെ കാണാതായി.തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്കായി തിരച്ചിൽ തുടരുകയാണ്. കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോട്ടും കടലാക്രമണം രൂക്ഷമായി. പലയിടത്തും വീടുകളിൽ വെള്ളം കയറി. പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നതോടെ കോസ് വേകള്‍ മുങ്ങി. മരം വീണ് സംസ്ഥാനത്ത് വ്യാപക നാശ നഷ്ടമാണുണ്ടായത്.