മഴ മുന്നറിയിപ്പിൽ മാറ്റം; വ്യാപകമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ചയോടെ കാലവർഷം വീണ്ടും സജീവമാകാനാണ് സാധ്യത. അതേസമയം ഇന്നലെ വൈകീട്ടുണ്ടായ കനത്ത മഴയിൽ മട്ടന്നൂർ വിമാനത്താവള പരിസര മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. മട്ടന്നൂർ നഗരസഭയിലെ കല്ലേരിക്കര, കീഴല്ലൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ വിമാനത്താവളത്തിന്റെ മതിലും തകർന്നു. പ്രദേശത്തേക്കുള്ള റോഡും തകർന്നിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്നുമാണ് ശക്തമായ മഴവെള്ളപാച്ചിലുണ്ടായത്. പിന്നാലെ മേഖലയിലെ വീടുകൾക്കുള്ളിലൂടെ വെള്ളം കുത്തിയൊലിച്ചു. വിമാനത്താവള പ്രദേശത്തിനുള്ളിൽ വെള്ളം ഒഴുകിയെത്താൻ വലിയ ഓവുചാലുകളും പുറത്തേക്ക് ഒഴുകാൻ ചെറിയ ഒടയുമുള്ളതാണ് പ്രതിസന്ധി.