വൈൻ ഫെസ്റ്റിവൽ; രാത്രി ആകാശത്ത് അണിനിരന്നത് 400 ഡ്രോണുകൾ
ഫ്രാൻസിലെ വൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി ആകാശത്ത് അണിനിരന്ന ഡ്രോണുകൾ കൗതുകക്കാഴ്ചയായി. ജൂൺ 25 ന് സമാപിച്ച ബോർഡോ വൈൻ ഫെസ്റ്റിവലിലാണ് ഈ ഡ്രോൺ ഷോ അരങ്ങേറിയത്. അതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജൂൺ 23 വെള്ളിയാഴ്ചയും 24 ശനിയാഴ്ചയും നടന്ന രണ്ട് സായാഹ്ന പ്രദർശനങ്ങളിൽ 400 ഡ്രോണുകൾ ബോർഡോയുടെ ആകാശത്ത് അണിനിരന്നത്. ഗാരോണിന്റെ തീരത്താണ് വൈൻ ഫെസ്റ്റിവൽ നടന്നത്. നാനൂറോളം ഡ്രോണുകൾ ഉപയോഗിച്ചാണ് വൈൻ ഫെസ്റ്റിവലിൽ ഇങ്ങനെയൊരു പ്രകാശ ഉത്സവം ഒരുക്കിയത്. അതേസമയം, ഏതാനും നാളുകൾക്ക് മുൻപ് ഇങ്ങനെയൊരു ആകാശ കാഴ്ചയ്ക്കിടെ ഡ്രോണുകൾ താഴേക്ക് പതിച്ചത് വൈറലായി മാറിയിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, ഹെനാൻ പ്രവിശ്യയിലെ സെങ്‌ഷോ ഹൈടെക് സോണിലെ വാൻഡ പ്ലാസ ഷോപ്പിംഗ് മാളിൽ 200 ലധികം ഡ്രോണുകൾ ആകാശത്തേക്ക് ഉയർന്നാണ് ലൈറ്റ് ഷോ ഒരുക്കിയത്.
ലൈറ്റ് ഷോ ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ, ഡ്രോണുകൾ പലതും തകരാറിലായി. പിന്നീട് കൂട്ടമായി ഇവയെല്ലാം നിലത്തേക്ക് പതിച്ചു. ആയിരക്കണക്കിന് ആളുകളാണ് ലൈറ്റ് ഷോ കാണാൻ എത്തിയിരുന്നത്. ജനങ്ങളുടെ ദേഹത്തേക്കും ഡ്രോണുകൾ പതിച്ചു. ഇതിൽ നിന്നും രക്ഷനേടാനായി ആളുകൾ ഓടുകയായിരുന്നു.