‘അന്ന് സച്ചിന് വേണ്ടിയായിരുന്നെങ്കിൽ ഇന്ന് കോലിക്ക് വേണ്ടി ലോകകപ്പ് നേടണം’; സെവാഗ്


2023 ഏകദിന ലോകകപ്പ് ഷെഡ്യൂൾ പുറത്തുവന്നതിന് പിന്നാലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഇന്ത്യ, പാകിസ്താൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമിയിലെത്തുമെന്നാണ് സെവാഗിന്റെ പ്രവചനം. വിരാട് കോലി, രോഹിത് ശർമ്മ, ഡേവിഡ് വാർണർ എന്നിവർ റൺസ് വേട്ടയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. ഏകദിന ലോകകപ്പ് ഷെഡ്യൂൾ ലോഞ്ച് ചടങ്ങിലാണ് വീരേന്ദർ സെവാഗ് തന്റെ പ്രവചനം നടത്തിയത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഐസിസി സിഇഒ ജെഫ് അലാർഡിസ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ, മുൻ ശ്രീലങ്കൻ വെറ്ററൻ സ്പിന്നർ മുത്തയ്യ മുരളീധരൻ വീരേന്ദർ സെവാഗ് എന്നിവർ ചേര്‍ന്നായിരുന്നു മത്സരക്രമം പുറത്തുവിട്ടത്. പിന്നാലെ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയായിരിക്കുമെന്ന് പ്രവചിക്കാന്‍ സെവാഗിനോട് മുരളീധരന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇന്ത്യ, പാകിസ്താൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളെയാണ് സെവാഗ് തന്റെ സെമി ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്തത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കിരീടം നിലനിർത്താനാണ് സാധ്യത. എന്നാൽ പരിചിതമായ സാഹചര്യങ്ങളിൽ മികച്ച പ്രകടനത്തിന് പേരുകേട്ട ഇന്ത്യയ്ക്ക് മൂന്നാം ലോകകപ്പ് നേടാനുള്ള മികച്ച അവസരമുണ്ടെന്നും സെവാഗ് പറയുന്നു. 2011ലെ ഇന്ത്യന്‍ ടീം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടി ലോകകപ്പ് നേടാനാണ് ഗ്രൗണ്ടിലിറങ്ങിയതെങ്കില്‍ ഇത്തവണ അത് വിരാട് കോലിക്ക് വേണ്ടിയാകണമെന്നും സെവാഗ് കൂട്ടിച്ചേർത്തു.
ടീമിലെ എല്ലാവരും കോലിക്കു വേണ്ടി ലോകകപ്പ് നേടാനായി ഇറങ്ങണം. കാരണം കോലി മഹാനായ കളിക്കാരനാണ്, ഒപ്പം മറ്റ് താരങ്ങളെ സഹായിക്കുന്ന നല്ല മനുഷ്യനും-സെവാഗ് പറഞ്ഞു. ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ പ്രാധാന്യവും സെവാഗ് വിവരിച്ചു. ഇരു ടീമുകളും കടുത്ത സമ്മർദ്ദത്തിലാകും. ഈ സമ്മർദത്തെ ഫലപ്രദമായി നേരിടുന്ന ടീം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.