ഡിജിറ്റൽ റീ സർവേയിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു
ഡിജിറ്റൽ റീ സർവേയിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ഈ വിഷയം ഉന്നയിച്ച് ജില്ലാ കളക്ടർക്ക് മണ്ഡലം പ്രസിഡന്റ് പരാതിയും നൽകി.
ഇരട്ടയാർ വില്ലേജിൽ ഡിജിറ്റൽ റീ സർവ്വേ പൂർത്തിയായി. ഇത് സംബന്ധിച്ച പരാതികൾ ബോധിപ്പിക്കാനുള്ള സമയ പരിധി ഈ മാസം 27 ന് അവസാനിക്കുകയാണ്. സർവ്വേ റിക്കാർഡുകൾ തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാതികളിലേറയും. ഇത് പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ കട്ടപ്പനയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇരട്ടയാർ വില്ലേജിൽ 10 ചെയിൻ മേഖലയിലൊഴികെ 1960- 70 കാലഘട്ടത്തിലാണ് പട്ടയം നൽകിയിട്ടുള്ളത്. ഈ കാലയളവിൽ നൽകിയ പട്ടയഭൂമി ഡിജിറ്റൽ സർവ്വേയുടെ ഭാഗമായി അളന്നപ്പോൾ ചില കേസുകളിൽ 1- 15 സെന്റ് ഭൂമി വരെ പട്ടയത്തിൽ പറഞ്ഞിരിക്കുന്നത്തിലധികമുണ്ട് . പട്ടയത്തിലെ അളവിൽ കൂടുതലുള്ള ഈ ഭൂമി ‘സർക്കാർ വക’യെന്നാണ് ഡിജിറ്റൽ സർവ്വേയിൽ രേഖപ്പെടുത്തുന്നത്. പട്ടയമില്ലാത്ത കൈവശ ഭൂമിയും സർക്കാർ വകയെന്നാണ് രേഖപ്പെടുത്തുന്നത്. കൈവശഭൂമിക്ക് പട്ടയത്തിന് അപേക്ഷ നൽകുമ്പോൾ സർക്കാർ വക എന്ന് രേഖപ്പെടുത്തിയാൽ പട്ടയം ലഭിക്കുന്നതിന് തടസ്സമാകുമെന്ന ആശങ്ക നിലനിൽക്കുന്നു. ഇത് പരിഹരിക്കാൻ ഡിജിറ്റൽ സർവ്വേ റിക്കാർഡുകളിൽ കൈവശക്കാരന്റെ പേര് രേഖപ്പെടുത്താൻ നടപടി സ്വീകരിക്കണം.
1960 – 70 കാലഘട്ടത്തിൽ നൽകിയിട്ടുള്ള പട്ടയത്തിൽ നിലമായി രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയിൽ ഇപ്പോൾ മറ്റ് കൃഷികൾ ചെയുകയും കൈവശക്കാരന് നിലം ഏതെന്ന് തിട്ടപ്പെടുത്താൻ കഴിയാത്ത സ്ഥിതിയുമാണുള്ളത്. ഈ കേസുകളിൽ 2008ൽ തയാറാക്കിയ ഡാറ്റാ ബാങ്കിൽ കരയായി രേഖപ്പെടുത്തിയ ഭൂമി ഡിജിറ്റൽ റീ സർവ്വേയിലും കരയായി രേഖപ്പെടുത്താൻ നടപടി സ്വീകരിക്കണം.
ഡിജിറ്റൽ റീ സർവ്വേയുടെ ഭാഗമായ പരാതികൾ നൽകാനുള്ള അവസരം ഈ മാസം 27 വരെയാണ്. പരാതിയുള്ളവർ സ്ഥലം സ്വയം അളപ്പിച്ച് റിക്കാർഡുമായി വരണമെന്നാണ് സർവ്വേ ടീമിന്റെ നിർദേശം. ഈ സമയപരിധിക്കുള്ളിൽ പരാതികൾ പൂർണ്ണമായും പരിഹരിക്കാൻ കഴിയാത്തതിനാൽ പരാതി സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകണം.
ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത് .
വിവിധ ഭൂ പ്രശ്നങ്ങളാൽ സങ്കീർണ്ണമാണ് ഇടുക്കി ജില്ല. റീ സർവ്വേയിൽ ഉണ്ടായ പിഴവും സർവ്വേ റിക്കാർഡുകളിലെ തെറ്റായ രേഖപ്പെടുത്തലും കാരണം നിരവധിയാളുകൾക്കാണ് പട്ടയം നിഷേധിക്കപ്പെട്ടത്. അതിനാൽ ഡിജിറ്റൽ സർവ്വേയുടെ ഭാഗമായി റിക്കാർഡുകൾ തയ്യാറാക്കുമ്പോൾ പിഴവുണ്ടാകാതിരിക്കാൻ സർക്കാർ ജാഗ്രത കാണിക്കണം.
അടിയന്തിരമായി ഈ പ്രശ്നം പരിഹരിക്കണമെന്നും ഇല്ലായെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് തച്ചാപറമ്പിൽ, ഡിസിസി മെമ്പർ റെജി ഇലുപ്പുലിക്കാട്ട്, രതീഷ് എ എസ്, അരുൺ സേവ്യർ എന്നിവർ പങ്കെടുത്തു…