തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുടെ അച്ചടി: സത്യവാങ്മൂലം വാങ്ങണം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രചരണ സാമഗ്രികൾ അച്ചടിക്കാൻ സമീപിക്കുന്നവരിൽ നിന്ന് പ്രിൻ്റിംഗ് പ്രസ് ഉടമകൾ സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണമെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു. ഇടുക്കി, തൊടുപുഴ, പീരുമേട്, ദേവികുളം, ഉടുമ്പൻചോല നിയമസഭാ നിയോജകമണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാർഥികൾ, അവരുടെ ഏജൻ്റുമാർ, സ്ഥാനാർഥികൾക്കായി മറ്റാരെങ്കിലും, രാഷ്ട്രീയ പാർട്ടികൾ എന്നിവർ പോസ്റ്റർ, ബാനർ മറ്റ് പ്രചരണ സാമഗ്രികൾ എന്നിവ അച്ചടിക്കാൻ സമീപിക്കുന്ന പക്ഷം പ്രിൻ്റിംഗ് ജോലി ഏൽപ്പിക്കുന്നവരിൽ നിന്ന് സത്യവാങ്മൂലം വാങ്ങി സൂഷിക്കണം. പ്രിൻ്റ് ചെയ്യുന്ന പ്രചരണ സാമഗ്രികളിൽ പ്രിൻ്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിൻ്റെ പേരും മേൽവിലാസവും, കോപ്പികളുടെ എണ്ണം എന്നിവയും രേഖപ്പെടുത്തണം. ഇവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിൻ്റെ പകർപ്പും പ്രസ് പ്രവർത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നിയോജകമണ്ഡലത്തിൻ്റെ ചുമതലയുള്ള അസിസ്റ്റൻ്റ് എക്സ്പെൻഡീച്ചർ ഒബ്സർവർക്ക് (ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്നു) മൂന്ന് ദിവസത്തിനകം കൈമാറണം.
പ്രസ് ഉടമകൾ കർശനമായും നിർദേശങ്ങൾ പാലിക്കണം. അല്ലാത്ത പക്ഷം അച്ചടിശാലകൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് എക്സപൻഡിച്ചർ നോഡൽ ഓഫീസർ അറിയിച്ചു.













































































