കൊച്ചി ധനുഷ്കോടി ദേശിയ പാത ; പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും : ഡീൻ കുര്യാക്കോസ് എംപി
കൊച്ചി ധനുഷ്കോടി ദേശിയ പാത ; പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും : ഡീൻ കുര്യാക്കോസ് എംപി
ഇടുക്കി : കൊച്ചി ധനുഷ്കോടി ദേശിയ പാത നവീകരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് ദേശിയ പാത അതോറിറ്റിയും പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്ന ഇ.കെ.കെ ഇൻഫ്രസ്ട്രക്ചറും തമ്മിൽ കരാർ ഒപ്പിട്ടു. 910.59 രൂപയ്ക്കാണ് പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. നികുതി ഉൾപ്പെടെ 1073.8 കോടി രൂപയാണ് പദ്ധതിക്കായി ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
ടെൻഡർ നടപടികൾ കഴിഞ്ഞ ജനുവരി മാസത്തിൽ പൂർത്തികരിച്ചെങ്കിലും ഡൽഹി ആസ്ഥാനമായിട്ടുള്ള മറ്റൊരു നിർമ്മാണ കമ്പനി കോടതിയിൽ വ്യവഹാര നടപടികളുമായി മുന്നോട്ട് പോയത് കൊണ്ടാണ് കരാർ ഉടമ്പടികൾ പൂർത്തീകരിക്കാൻ താമസം നേരിട്ടത്.
ഇതേ പാതയിൽ നേരത്തെ നിർമ്മാണം ആരംഭിച്ച ബോഡിമെട്ട് മൂന്നാർ നവീകരണ പദ്ധതി ഉടൻ തന്നെ ഉദ്ഘാടനം ചെയ്യുമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
889 കോടി രൂപയാണ് പദ്ധതിക്കായി ആദ്യം അനുവദിച്ചിരുന്നത്. എന്നാൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചപ്പോൾ ഏറ്റവും കുറഞ്ഞ തുകയായി ക്വാട്ട് ചെയ്തത് 910.59 കോടി രൂപയാണ്. രണ്ട് വർഷം കൊണ്ട് ദേശിയ പാത നവീകരണം യാഥാർത്ഥ്യമാകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.
കൊച്ചി മുതൽ മൂന്നാർ വരെ 125 കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 മീറ്റർ വീതി ഉറപ്പക്കിയാകും നിർമ്മാണ പ്രവർത്തനങ്ങൾ. പദ്ധതിയുടെ 110 കിലോമീറ്റർ ദൂരം വീതി കൂട്ടിയാണ് നവീകരിക്കുന്നത്. ഏറ്റവും ഉന്നത നിലവാരത്തിൽ ടാർ ചെയ്താണ് ദേശിയ പാതയുടെ പുനർ നിർമ്മാണം.
നേര്യമംഗലത്ത് പുതിയ പാലവും പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കും. 5 സ്പാനുകളിലായി 42.80 മീറ്റർ നീളത്തിൽ 13 മീറ്റർ വീതിയിലുമാണ് പുതിയ പാലത്തിൻ്റെ നിർമ്മാണം. ഇത് കൂടാതെ 9 പാലങ്ങൾ വീതി കൂട്ടുന്നതിനും പദ്ധതിയിൽ ഉൾപ്പെടുത്തി. ഹൈറേഞ്ച് ഉൾപ്പെടുന്ന പ്രദേശത്തിന്റെ ടൂറിസം രംഗത്തെ വികസനക്കുതിപ്പിന് ഇത് സഹായകരമാകും.
റോഡിൻ്റെ ഇരുവശങ്ങളും മനോഹരമാക്കും. ദിശ സൂചിക ബോർഡുകളും അപകട മുന്നറിയിപ്പ് ബോർഡുകളും ഇതോടൊപ്പം സ്ഥാപിക്കും. രാത്രി യാത്രികർക്ക് അപകടങ്ങൾ ഒഴിവാക്കുന്നതിനായി റോഡിൽ റിഫ്ലക്ടറുകളും സ്ഥാപിക്കും.
വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനായി റോഡിൻ്റെ ഇരു വശങ്ങളിലുമായി 186 കിലോമീറ്റർ ദൂരം പുതിയ കാനകൾ നിർമ്മിക്കുകയും മോശമായവ നവീകരിക്കുകയും ചെയ്യും. 90 കിലോ മീറ്റർ ദൈർഘ്യത്തിൽ വിവിധ ഇടങ്ങളിലായി സംരക്ഷണ ഭിത്തികൾ സ്ഥാപിക്കുകയും ചെയ്യും.
മൂവാറ്റുപുഴ പെരുവംമുഴി മുതൽ തമിഴ്നാട് അതിർത്തിയായ ബോഡിമെട്ട് വരെ പദ്ധതിയുടെ എൺപത് ശതമാനം ഭാഗവും ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭാഗങ്ങളാണ്. ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ ആണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ടൂറിസം മേഖലക്കും പദ്ധതി ഏറെ ഗുണകരമാമാണ്. ദിവസേന ആയിരക്കണക്കിന് സഞ്ചാരികൾ ആണ് ദേശിയ പാത ഉപയോഗപ്പെടുത്തുന്നത്. ഇടുക്കിയിലും മൂന്നാറിലും അനുവദിക്കപ്പെട്ടതിൽ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് ഇതെന്ന് എംപി പറഞ്ഞു. എംപിയുടെ ശ്രമഫലമായി കൊച്ചി ധനഷ്കോടി ദേശിയ പാത വികസനം കേന്ദ്ര സർക്കാർ ഭരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൻ്റെ 3എ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും പുതിയ അലൈൻമെൻ്റ് ആയി ദേശീയപാത അതോറിറ്റി അംഗീകരിക്കുകയായിരുന്നു. ഭാരത് മാല പദ്ധതിക്ക് മുൻപ് തന്നെ ദേശിയ പാത വികസനം പൂർത്തികരിക്കണം എന്നാവശ്യപ്പെട്ട് നിരവധി പ്രാവശ്യം ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിൽ പാർലമെൻ്റിലും ഈ വിഷയം എം.പി ഉന്നയിച്ചിരുന്നു.
രണ്ട് പതിറ്റാണ്ട് മുമ്പ് വിവിധ റോഡുകൾ ചേർത്ത് ഉണ്ടാക്കിയ ദേശീയപാത വികസനം കാര്യക്ഷമമായിരുന്നില്ല. നവീകരണത്തിന്റെ പേരിൽ കോടികളുടെ പല പ്രവൃത്തികളും നടത്തിയിട്ടുണ്ടെങ്കിലും ഗതാഗതത്തിന് വലിയ പ്രയോജനം ലഭിച്ചിരുന്നില്ല. നേര്യമംഗലം പാലം കഴിഞ്ഞാൽ അടിമാലി വരെ പാത പോകുന്നത് കൊടുംവനത്തിലൂടെയാണ്. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അടുത്ത മാസത്തോടെ ഉണ്ടാകുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു…