സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന്‍റെ പെരുമ പ്രധാനമായും അതിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥയുമാണ്


മൂന്നാര്‍: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന്‍റെ പെരുമ പ്രധാനമായും അതിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥയുമാണ്. കൊടുംവനമായിരുന്ന ഈ പ്രദേശത്തിന്‍റെ മൂല്യം തിരിച്ചറിഞ്ഞത് 136 വര്‍ഷം മുമ്ബ് ബ്രിട്ടീഷ് പ്ലാന്‍റര്‍മാരാണ്. തേയിലത്തോട്ടങ്ങള്‍ സ്ഥാപിക്കാനെത്തിയ അവര്‍ കാടുകള്‍ വെട്ടിത്തെളിച്ച് പൊന്ന് വിളയിച്ചു. സംസ്ഥാനത്ത് അന്ന് അപൂര്‍വമായിരുന്ന തീവണ്ടി, ജലവൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യം തന്നെ മൂന്നാറിലുമെത്തി.
പ്ലാന്‍റേഷൻ പട്ടണമായി അറിയപ്പെട്ടിരുന്ന മൂന്നാര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമായി രൂപപ്പെട്ടത് 1980-90 കളിലാണ്. തേയില കൃഷി വളര്‍ച്ച പ്രാപിച്ചതോടെ തേയില ചുമക്കുന്നതിന് മനുഷ്യനും കന്നുകാലികളും മതിയാകാതെ വന്നു. അത് പരിഹരിക്കാനാണ് സായിപ്പന്മാര്‍ സംസ്ഥാനത്തെ ആദ്യ റെയില്‍പാത മൂന്നാറില്‍ സ്ഥാപിച്ചത്. മൂന്നാറില്‍നിന്ന് മാട്ടുെപ്പട്ടി, കുണ്ടള വഴി തമിഴ്നാട്ടിലെ തേനി ജില്ലയുടെ അതിര്‍ത്തിവരെയായിരുന്നു പാത.
തേയിലച്ചാക്കുകള്‍ നിറച്ച കല്‍ക്കരിവണ്ടി 1902ലാണ് മൂന്നാറില്‍ സര്‍വിസ് ആരംഭിച്ചത്. രാജ്യത്തെ ആദ്യ റെയില്‍പാതകളിലൊന്നായിരുന്നു മൂന്നാറിലെ കുണ്ടളവാലി റെയില്‍വേ. പശ്ചിമഘട്ട മലനിരകളില്‍ 12 വര്‍ഷത്തിലൊരിക്കല്‍ വര്‍ണം വിതറുന്ന നീലക്കുറിഞ്ഞിയും നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാടുകളുടെ സാന്നിധ്യവും നൂല്‍മഴയും കോടമഞ്ഞും പൂജ്യത്തിലും താഴെയെത്തുന്ന താപനിലയുമെല്ലാം മൂന്നാറിന്‍റെ മഹിമ വര്‍ധിപ്പിച്ചു.
ജൂണില്‍ ആരംഭിച്ച് ഒക്ടോബറില്‍ അവസാനിക്കുന്ന പെരുമഴക്കാലം, ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലം, വേനലിലും കുളിരുതേടി സഞ്ചാരികള്‍ ഒഴുകിയെത്തുന്ന ഏപ്രില്‍, മേയ് എന്നിങ്ങനെയാണ് മൂന്നാറിന്‍റെ കാലാവസ്ഥ സീസണ്‍. താപനില മൈനസ് ആറ് വരെയെത്തുന്ന കുളിരുള്ള കാലാവസ്ഥയും തേയിലക്കാടുകളുടെ വശ്യതയും സഞ്ചാരികള്‍ക്ക് സ്വര്‍ഗംപോലൊരു ലോകമാണ് മൂന്നാര്‍ സമ്മാനിക്കുന്നത്.
മൊട്ടക്കുന്നുകളില്‍ പച്ച മേലാപ്പ് വിരിച്ച് 56,000 ഏക്കറില്‍ പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങള്‍ മൂന്നാറിന്‍റെ മറ്റൊരു പെരുമയാണ്. സ്ഥലം കേരളത്തിലാണെങ്കിലും 90 ശതമാനം ജനങ്ങളും തമിഴ് സംസാരിക്കുന്നതും സംസ്ഥാനത്ത് മൂന്നാറിന്‍റെ മാത്രം പ്രത്യേകത.