കളക്ഷന്‍ 1050 കോടിയിലും നില്‍ക്കില്ല! റഷ്യന്‍ റിലീസിന് ‘പഠാന്‍’
സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമാണ് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. കൊവിഡ് കാലത്തിനു ശേഷം പഴയ പ്രതാപത്തിലുള്ള വിജയങ്ങള്‍ നേടാനാവാതെപോയ ബോളിവുഡിന് വലിയ ആത്മവിശ്വാസമാണ് ഷാരൂഖ് ഖാന്‍ ചിത്രം പകര്‍ന്നത്. ബോളിവുഡിനൊപ്പം അത് ഷാരൂഖ് ഖാന്‍റെയും തിരിച്ചുവരവായി വിലയിരുത്തപ്പെട്ടു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 500 കോടിയിലധികം നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയ ഗ്രോസ് 1050 കോടി എന്നായിരുന്നു നിര്‍മ്മാതാക്കളുടെ കണക്ക്. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് ഈ തുകയിലും നില്‍ക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
റഷ്യന്‍ റിലീസിന് ഒരുങ്ങുകയാണ് യാഷ് രാജ് ഫിലിംസിന്‍റെ ചിത്രം. അതും വെറും റിലീസ് അല്ല, മികച്ച സ്ക്രീന്‍ കൌണ്ടോടെ വൈഡ് റിലീസ് ആണ്. 3000 ല്‍ അധികം സ്ക്രീനുകളിലായാണ് റഷ്യയിലും സിഐഎസിലും (കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്‍ഡ് സ്റ്റേറ്റ്സ്) ചിത്രം റിലീസ് ചെയ്യപ്പെടുക. റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ പതിപ്പാണ് എത്തുക. ജൂലൈ 13 ന് തിയറ്ററുകളില്‍ എത്തും.
ജനുവരി 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ അന്‍പതിലേറെ ദിവസങ്ങള്‍ പിന്നിട്ടതിനു ശേഷമാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ മാര്‍ച്ച് 22 ന് ആയിരുന്നു ഒടിടി റിലീസ്. അതേസമയം മറ്റു ചില വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം എത്തിക്കാന്‍ യാഷ് രാജ് ഫിലിംസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചൈന, ജപ്പാന്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളാണ് ഇത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് പഠാന്റെ സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.