“ടെസ്ല നികുതിയെച്ചൊല്ലി കരയരുത്, സബ്‍സിഡി വെട്ടിക്കുറച്ചത് ഞങ്ങളെ ബാധിക്കില്ല..” തുറന്നടിച്ച് ഒല!


ടെസ്‌ലയെ ഒരു ഭീഷണിയായി അവർ കണക്കാക്കുന്നില്ലെന്ന് വ്യക്തമാക്കി ഒല ഇലക്ട്രിക്ക്. ബിസിനസ് ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിൽ, ഒല ഇലക്ട്രിക്കിന്റെ സിഎഫ്ഒ അരുൺ ജിആർ ആണ് ടെസ്‌ലയെക്കുറിച്ചുള്ള കമ്പനിയുടെ കാഴ്ചപ്പാട് പ്രകടിപ്പിച്ചത്. ടെസ്‌ല ന്യായമായ നിബന്ധനകളിൽ വിപണിയെ സമീപിക്കണമെന്നും നികുതിയെക്കുറിച്ച് കരയരുതെന്നും പകരം ഇന്ത്യയിൽ മൂലധനം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അരുൺ ജി ആർ നിർദ്ദേശിച്ചു. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രാദേശിക സമ്പദ് വ്യവസ്ഥയും ജിഡിപിയും വർദ്ധിപ്പിക്കുക, രാജ്യത്തിൻറെ പ്രയോജനത്തിനായി ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുക എന്നിവ പിന്തുടരണമെന്നും ടെസ്‍ലയോട് ഒല സിഎഫ്ഒ പറഞ്ഞു.
ഒല ഇലക്ട്രിക്ക് നിലവിലുള്ള 600 ലേക്ക് 400 പുതിയ ലൊക്കേഷനുകൾ ചേർത്ത് അനുഭവ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഓല ഇലക്ട്രിക് ഉദ്ദേശിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു. ആഭ്യന്തര ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ മോഡലുകൾക്ക് ഇന്ത്യയിൽ 12,000 രൂപ വരെ വില വർദ്ധിപ്പിക്കുമെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി വാഹന വിലയുടെ 40 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കേന്ദ്ര സർക്കാർ അടുത്തിടെ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് തീരുമാനം.
അതേസമയം ഫെയിം 2 സബ്‌സിഡികൾ പിൻവലിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സബ്‌സിഡികൾ ഒല ഇലക്ട്രിക്കിനെ കാര്യമായി ബാധിക്കുന്നില്ലെന്ന് അരുൺ ജി ആർ വ്യക്തമാക്കി. പിഎല്‍ഐ, ഫെയിം സബ്‌സിഡികൾ തുടങ്ങിയ സ്‍കീമുകളിലൂടെ ഗവൺമെന്റ് നൽകിയ പ്രാഥമിക പിന്തുണ വ്യവസായത്തെ കിക്ക്സ്റ്റാർട്ട് ചെയ്യാൻ പര്യാപ്തമാണെന്നും ഫെയിം സബ്‌സിഡികൾ പിൻവലിച്ചാൽ കമ്പനിക്ക് ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒല ഇലക്ട്രിക്കിന് മൂന്ന് പുതിയ മോഡലുകൾ അണിയറയിലുണ്ടെന്നും അരുണ്‍ കുമാർ വെളിപ്പെടുത്തി. അവയിലൊന്നാണ് S1 എയറാണ്. ഇത് ഒരു മിഡ്-മാർക്കറ്റ് റേഞ്ച് ഇ-സ്‌കൂട്ടറാണ്. അത് ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളതും ജൂൺ അവസാനത്തോടെ ഡെലിവർ ചെയ്യുന്നതുമാണ്. ഒല എസ് 1 എയറിന് ഇതുവരെ ഒരു ലക്ഷം പ്രീ-ബുക്കിംഗുകൾ ലഭിച്ചു. ഉചിതമായ സമയത്ത് പുറത്തിറക്കുന്ന മോട്ടോർസൈക്കിളുകളുമായി കമ്പനി തയ്യാറാണ്. 2024 ഒല ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ വർഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലും ജമ്മു കശ്‍മീരിലും രണ്ട് സുപ്രധാന ലിഥിയം നിക്ഷേപങ്ങൾ കണ്ടെത്തിയതും അരുൺ ജിആർ എടുത്തുകാണിച്ചു. സംസ്ഥാന ഗവൺമെന്റുകൾ ലിഥിയം ഖനനത്തിനായി പൊതു ടെൻഡറിംഗ് ആരംഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ഇത് ജിഗാഫാക്‌ടറികൾ സ്ഥാപിക്കാൻ പദ്ധതിയിടുന്ന ഇവി കമ്പനികൾക്ക് താൽപ്പര്യമുണ്ടാക്കും എന്നും ഒല സിഎഫ്ഒ വ്യക്തമാക്കി.