ഫൈനലില്‍ ഡേവിഡ് വാര്‍ണറെ ഭയന്നേ മതിയാകൂ; ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി ഉസ്‌മാന്‍ ഖവാജ


ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ. സഹഓപ്പണറായ ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ഫൈനലിലും ആഷസിനും തയ്യാറാണ് എന്നാണ് ഖവാജയുടെ വാക്കുകള്‍. ഇന്ത്യക്കെതിരായ കലാശപ്പോരിനായി വാര്‍ണര്‍ മികച്ച തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത് എന്ന് ഖവാജയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. മുപ്പത്തിയാറുകാരനായ വാര്‍ണറുടെ ക്രിക്കറ്റ് ഭാവി നിശ്ചയിക്കുന്ന മത്സരങ്ങളാണ് ഇന്ത്യക്കെതിരായ ഫൈനലും ആഷസും. സമീപകാലത്ത് മികച്ച ഫോമിലേക്ക് എത്താന്‍ കഴിയാത്ത വാര്‍ണര്‍ വിമര്‍ശനം കേട്ടിരുന്നു.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡേവിഡ് വാര്‍ണറുടെ ബാറ്റിംഗ് കാണുകയാണ്. വാര്‍ണര്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. കുറച്ച് കാലത്തിനിടെ മികച്ച രീതിയില്‍ വാര്‍ണറെ നെറ്റ്‌സില്‍ കാണുകയാണ്. അത് എപ്പോഴും റണ്‍സായി മാറണം എന്നില്ല. എങ്കിലും വാര്‍ണര്‍ റണ്‍സ് നേടാനാണ് സാധ്യത. കരിയറിലെ നൂറാം ടെസ്റ്റില്‍ വാര്‍ണര്‍ ഇരട്ട സെഞ്ചുറി നേടുന്നത് നമ്മള്‍ കണ്ടതാണ്. വാര്‍ണറെ എല്ലാവരും എഴുതിത്തള്ളിയപ്പോഴായിരുന്നു ഇത്. വാര്‍ണര്‍ ആ മത്സരത്തോടെ വിരമിക്കേണ്ടി വരും എന്നായിരുന്നു വിമര്‍ശനങ്ങള്‍, എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വാര്‍ണര്‍ 200 അടിച്ചു. വാര്‍ണറെ പോലൊരു ലോകോത്തര താരത്തെ ഒരിക്കലും എഴുതിത്തള്ളാന്‍ പാടില്ല. ഞാനയാളില്‍ നിന്ന് റണ്‍സ് പ്രതീക്ഷിക്കുന്നു’ എന്നും ഉസ്‌മാന്‍ ഖവാജ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഷസ് പരമ്പരയില്‍ മോശം ഫോമിലായിരുന്നു ഡേവിഡ് വാര്‍ണര്‍. സ്റ്റുവര്‍ട്ട് ബ്രോഡിന് മുട്ടിടിച്ച താരത്തിന് 10 ഇന്നിംഗ്‌സുകളില്‍ 9.50 മാത്രമായിരുന്നു ബാറ്റിംഗ് ശരാശരി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ ഡിസംബറിലെ ഇരട്ട ശതകത്തിന് ശേഷം വാര്‍ണര്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെട്ടിരുന്നു. മൂന്ന് ഇന്നിംഗ്‌സില്‍ 26 റണ്‍സ് മാത്രം നേടിയ ശേഷം പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഇത്തവണ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 14 കളിയില്‍ വാര്‍ണര്‍ 516 റണ്‍സ് കണ്ടെത്തി. എന്തായാലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ആഷസും വാര്‍ണറുടെ ടെസ്റ്റ് ഭാവി തീരുമാനിക്കും എന്നുറപ്പാണ്. ഡേവിഡ‍് വാര്‍ണര്‍, ഉസ്‌മാന്‍ ഖവാജ എന്നിവര്‍ക്ക് പുറമെ മാര്‍ക്കസ് ഹാരിസും മാറ്റ് റെന്‍ഷോയും ഓസീസ് ടെസ്റ്റ് സ്‌ക്വാഡില്‍ ഓപ്പണര്‍മാരായുണ്ട്.