ഐഫോണ്‍ കയ്യിലുള്ളവര്‍ക്ക് വലിയൊരു മുന്നറിയിപ്പ്.!


ന്യൂയോര്‍ക്ക്: കൈയ്യിലിരിക്കുന്നത് ഐഫോണാണോ ? വരുന്ന മെസെജുകളിലെല്ലാം കേറി ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നന്നായി ശ്രദ്ധിക്കണം. സൈബർ ക്രിമിനലുകളുടെ പുതിയ ഇരകൾ ഐഫോൺ ഉപയോക്താക്കളാണെന്ന് സൂചന. സൈബർ സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഐഫോണിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനും ചാരപ്പണി നടത്താനും കഴിയുന്ന ഒരു പുതിയ തരം മാൽവെയർ സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്നുണ്ട്.
കാസ്‌പെർസ്‌കി എന്ന സൈബർ സുരക്ഷാ കമ്പനിയാണ് ഐഒഎസ് ഉപകരണങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഈ ആക്രമണം കണ്ടെത്തിയിരിക്കുന്നത്. ‘ഓപ്പറേഷൻ ട്രയാംഗുലേഷൻ’ എന്നാണ് ഇതിനെ വിളിക്കുന്നത്. കൂടാതെ ഉപയോക്താവിൽ നിന്നുള്ള ഒരു ഇടപെടലുമില്ലാതെ ഐമെസെജ് വഴിയാണ് മാൽവെയറിനെ ഫോണിനുള്ളിലേക്ക് കടത്തുന്നത്. മാൽവെയർ കടന്നുകൂടി കഴിഞ്ഞാൽ അത് പൂർണ്ണമായ നിയന്ത്രണം നേടുകയും ഉപയോക്താവിന്റെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ ഇടവരുത്തുകയും ചെയ്യും.
കാസ്‌പെർസ്‌കിയിലെ വിദഗ്ധർ അവരുടെ സ്വന്തം വൈഫൈ നെറ്റ്‌വർക്ക് നിരീക്ഷിക്കുന്നതിനിടയിലാണ് ഇതിനെ കുറിച്ച് കണ്ടെത്തിയത്. മാൽവെയർ ഫോണിൽ കടന്നു കൂടുന്നത് ഐമെസെജിലെ അറ്റാച്ച്മെന്റ് വഴിയാണ്. ഉപയോക്താവ് മെസെജ് ഓപ്പൺ ചെയ്യുമ്പോൾ ഉപകരണത്തിന് കേടുപാട് സംഭവിക്കുന്നു. ഇത് വഴി മാൽവെയർ ഫോണിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. മാൽവെയറിന് നിയന്ത്രണം ലഭിച്ചു കഴിഞ്ഞാൽ മെസെജ് ഓട്ടോമാറ്റിക്കായി ഇല്ലാതാകും.
മാൽവെയർ ഐഫോണിൽ നിന്ന് വിദൂരത്തുള്ള സെർവറിലേക്ക് സ്വകാര്യ വിവരങ്ങൾ അയയ്ക്കും. മൈക്രോഫോണിൽ നിന്ന് റെക്കോർഡ് ചെയ്‌ത ഓഡിയോ, സന്ദേശമയയ്‌ക്കൽ ആപ്പുകളിൽ നിന്നുള്ള ഫോട്ടോകൾ, ഉപകരണത്തിന്റെ ലൊക്കേഷൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാൻ സിസ്റ്റങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടതുണ്ട്. ജീവനക്കാർക്ക് ഇതിനെക്കുറിച്ചുള്ള അവബോധം നല്കുന്നത് പ്രധാനമാണ്. നിലവിൽ ഓപ്പറേഷൻ ട്രയാംഗുലേഷനെക്കുറിച്ചുള്ള അന്വേഷണം കാസ്‌പെർസ്‌കി തുടരുകയാണ്.
കൂടുതൽ വിശദാംശങ്ങൾ ഉടൻ ഷെയർ ചെയ്യുമെന്നാണ് സൂചന. സ്വന്തം കമ്പനിക്കപ്പുറം ഈ ചാരപ്രവർത്തനത്തിന്റെ മറ്റ് ലക്ഷ്യങ്ങളുണ്ടാകാമെന്നും പറയപ്പെടുന്നു. തേർഡ് പാർട്ടി സോഫ്റ്റ്വെയറിന്റെ കാര്യത്തിൽ വ്യക്തമായ നടപടികൾ എടുക്കണമെന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്.