കാഞ്ചിപുരത്ത് പടക്കശാലയിൽ തീപിടിച്ചു; 8 പേർ മരിച്ചു, 16 പേർക്ക് പരിക്ക്


ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിനു സമീപം പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. ഗജേന്ദ്രന്‍, ഭൂപതി, വിജയ എന്നിവരാണ് മരിച്ചത്.പതിനാറു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടു കൂടി കാഞ്ചീപുരം കുരുവിമലയ്ക്ക് സമീപമായിരുന്നു സംഭവം. പടക്കശാലയ്ക്ക് പുറത്ത് ഉണങ്ങാനിട്ട പടക്കങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരുപത്തിയഞ്ചിലേറെ പേര്‍ ജോലി ചെയ്യുന്ന പടക്കശാലയിലാണ് സ്ഫോടനമുണ്ടായത്. നരേന്ദ്രകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പടക്കശാല പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സുള്ള പടക്ക നിര്‍മാണശാലയാണോയെന്ന് വ്യക്തമായിട്ടില്ല. ഉണക്കാനായി പുറത്ത് സൂക്ഷിച്ചിരുന്ന പടക്കങ്ങളിലാണ് തുടക്കത്തില്‍ തീ പടര്‍ന്നത്, ഇത് പിന്നീട് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളികള്‍ കെട്ടിടത്തിനകത്ത് കുടുങ്ങുകയായിരുന്നു.
തീ പടര്‍ന്ന ഉടന്‍ തന്നെ നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. 30 മിനിറ്റോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തില്‍ കുടുങ്ങിയ തൊഴിലാളികളെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.