Idukki വാര്‍ത്തകള്‍
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഹാഫ് ബര്‍ത്ത്‌ഡേ വെല്‍നസ് ക്ലിനിക്ക് തുടങ്ങി


- ആറ് മാസം പ്രായമുള്ള കുട്ടികൾക്കായി എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച ക്ലിനിക്ക് പ്രവർത്തിക്കും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഹാഫ് ബര്‍ത്ത്‌ഡേ വെല്‍നസ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. കുഞ്ഞുങ്ങളുടെ അരവയസില്‍ ആരോഗ്യ പരിശോധനയും വളര്‍ച്ചയുടെ നിരീക്ഷണവും മാതാപിതാക്കളുമായി സജീവ ഇടപെടലും നടത്തി അവരെ ആരോഗ്യമുള്ളവരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുട്ടിയുടെ ആദ്യ ആറ് മാസം അതീവ പ്രധാനമായതിനാല്‍ തുടര്‍ച്ചയായ ആരോഗ്യ പരിശോധനകള്‍, വളര്‍ച്ചാ നിരീക്ഷണം, പോഷണ പരിശീലനങ്ങള്‍, പ്രതിരോധ കുത്തിവയ്പ്പുകളെ കുറിച്ചുള്ള അറിവുകള്‍, കുട്ടിയുടെ ഡവലപ്‌മെന്റ് സ്‌ക്രീനിംഗ് എന്നിവ നല്‍കുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ളതാണ് ഹാഫ് ബര്‍ത്ത്‌ഡേ വെല്‍നസ് ക്ലിനിക്ക്. എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച പീഡിയാട്രിക് ഒ.പിയോട് ചേര്‍ന്ന് രാവിലെ 10 മണി മുതലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം.
ഔപചാരിക ഉദ്‌ഘാടനം ജില്ലാകളക്ടര്‍ വി.വിഘ്‌നേശ്വരി നിർവഹിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. വന്ദന അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ഡോ. എസ്. സുരേഷ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ശിശുരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സജിനി വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. ഗൈനക്കോളജി വകുപ്പ് മേധാവി ഡോ.ദീപാ മാത്യൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ്, ജില്ലാ ആശുപത്രി ആര്‍.എം.ഒ നവാസ് എന്നിവര്‍ സംസാരിച്ചു.