ആശ്വാസമായി വേനൽമഴ; ചൂട് കുറഞ്ഞത് 15 ഡിഗ്രി സെൽഷ്യസ് വരെ
പത്തനംതിട്ട: ഇന്നലെ വൈകിട്ട് സംസ്ഥാനത്തെ മലയോര മേഖലകളിൽ വേനൽമഴ പെയ്തതോടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശരാശരി താപനിലയിൽ അനുഭവപ്പെട്ടത് 15 ഡിഗ്രി സെൽഷ്യസിന്റെ കുറവ്. തൃശൂർ വെള്ളാനിക്കരയിലാണ് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38 ഡിഗ്രിയായിരുന്നു താപനില. മറ്റ് സ്ഥലങ്ങളിലും 35-36 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. പലയിടത്തും മഴ പെയ്തതോടെ താപനില 20-22 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു.
വിഷപ്പുക നിറഞ്ഞ എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മഴ പെയ്തത്. ആദ്യ മഴയുടെ പരിശുദ്ധി അളക്കുന്നതിനും അസിഡിറ്റി കണ്ടെത്തുന്നതിനുമായി പിഎച്ച് മൂല്യം പരിശോധിക്കാൻ ആരെങ്കിലും ഔദ്യോഗികമായി മഴവെള്ളം ശേഖരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ജില്ലയുടെ കിഴക്കൻ അതിർത്തിയായ നേര്യമംഗലത്ത് ഇന്നലെ ഉച്ചയോടെ 23 മില്ലിമീറ്ററോളം മഴ രേഖപ്പെടുത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത് ഔദ്യോഗികമായി കണക്കിലെടുക്കാറില്ലെങ്കിലും മഴ പെയ്തതിന്‍റെ ആശ്വാസത്തിലാണ് ജില്ല.
ഓടക്കാലി (16 മില്ലിമീറ്റർ), ആലുവ (7), എറണാകുളം (6.5), മട്ടാഞ്ചേരി (4.5), കൂത്താട്ടുകുളം (8.5), ചുണ്ടി (7.5) എന്നിങ്ങനെയാണ് മഴ ലഭിച്ചത്.