ജി 20യിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ
ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാൻ ഇന്ത്യ. ‘ഉക്രെയ്നിലെ റഷ്യയുടെ യുദ്ധം’ എന്ന രീതിയിൽ വിഷയം അവതരിപ്പിക്കുന്നതിന് റഷ്യയുടെയും ചൈനയുടെയും അനുമതി തേടാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച നടക്കുന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിക്കും. യുദ്ധം രണ്ടാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചർച്ച നടത്താനുള്ള ഇന്ത്യയുടെ നീക്കം. ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് മേധാവികളുടെയും യോഗത്തിൽ ഈ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ‘യുദ്ധം’ എന്ന വാക്ക് ഉപയോഗിക്കാൻ റഷ്യയും ചൈനയും സമ്മതിച്ചില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ യോഗത്തിന് ശേഷം വ്യക്തമാക്കി.
വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുമ്പ് തന്നെ യുഎസിനും യൂറോപ്യൻ യൂണിയനുമെതിരെ റഷ്യ പ്രസ്താവന ഇറക്കിയിരുന്നു. യുഎസിന്‍റെയും യൂറോപ്പിന്‍റെയും പ്രവർത്തനങ്ങളാണ് ഉക്രെയ്നിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പ്രസ്താവനയിൽ പറഞ്ഞത്.