ബിബിസി വിഷയം ഉന്നയിച്ച് ബ്രിട്ടൺ; നിയമം എല്ലാവർക്കും ഒരുപോലെയെന്ന് ഇന്ത്യ
ന്യൂഡൽഹി: മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയ വിഷയം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ച് ബ്രിട്ടൺ.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജയിംസ് ക്ലെവർലിയാണ് ബിബിസി റെയ്ഡിന്‍റെ വിഷയം ഉന്നയിച്ചത്. ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് ജയശങ്കർ ഇതിന് മറുപടി നൽകി.
ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ നികുതിയുമായി ബന്ധപ്പെട്ട നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തിയതായി ആദായനികുതി വകുപ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 58 മണിക്കൂർ നീണ്ട പരിശോധനയായിരുന്നു ഇഡി നടത്തിയത്. ബിബിസി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പല കമ്പനികളുടെയും കണക്കുകളിൽ കാണിക്കുന്ന വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവർത്തനത്തിന്റെ തോതുമായി പൊരുത്തപ്പെടുന്നില്ല എന്നതാണ് പ്രധാന കണ്ടെത്തൽ.
ജീവനക്കാരുടെ മൊഴികൾ, ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ, ശേഖരിച്ച രേഖകൾ എന്നിവ വരും ദിവസങ്ങളിൽ പരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ധനകാര്യം, ഉള്ളടക്ക വികസനം എന്നീ മേഖലകളിലെ പ്രമുഖരുടെ മൊഴിയാണ് എടുത്തത്.