ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം; ഫുട്‌ബോള്‍ ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന്‍ അന്തരിച്ചു
പാരീസ്: ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന്‍ (89) അന്തരിച്ചു. താരത്തിന്റെ കുടുംബമാണ് മരണവാർത്ത അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായിരുന്നു ഫൊണ്ടൈന്‍. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും ഫൊണ്ടൈന്റെ പേരിലാണ്. 1958 ലോകകപ്പിൽ 13 ഗോളുകളാണ് ഇദ്ദേഹം സ്വന്തമാക്കിയത്.
പെലെയുടെ ഉജ്ജ്വല പ്രകടനം ബ്രസീലിനെ കിരീടം ഉയർത്താൻ സഹായിച്ചുവെങ്കിലും ഫൊണ്ടൈന്റെ ഗോൾ വേട്ടയെ മറികടക്കാൻ ആർക്കും കഴിഞ്ഞില്ല. മറ്റാർക്കും ആ റെക്കോർഡ് ഇന്നും തകർക്കാൻ കഴിഞ്ഞിട്ടില്ല.
1933 ൽ മൊറോക്കോയിൽ ജനിച്ച ഫൊണ്ടൈന്‍ മൊറോക്കൻ ക്ലബ് യുഎസ്എം കസബ്ലാങ്ക, ഫ്രഞ്ച് ക്ലബ്ബുകളായ നീസ്, സ്റ്റേഡ് ഡി റെയിംസ് എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്. 1950 കളിൽ റെയിംസിന്റെ സുവർണ്ണ കാലഘട്ടത്തിലെ ഒരു നിർണായക സാന്നിധ്യമായിരുന്നു ഫൊണ്ടൈന്‍. ടീമിനായി മൂന്ന് ഫ്രഞ്ച് ഡിവിഷൻ 1, കൂപ്പ് ഡി ഫ്രാൻസ് ട്രോഫി എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.