നിർമ്മിത ബുദ്ധി മനുഷ്യ മാധ്യമ പ്രവർത്തകർക്ക് പകരമാവും; ജര്‍മന്‍ മാധ്യമ മേധാവി
ചാറ്റ്ജിപിടി പോലുള്ള നിർമ്മിത ബുദ്ധി(എ.ഐ) സംവിധാനങ്ങൾക്ക് മനുഷ്യ മാധ്യമപ്രവർത്തകർക്ക് പകരക്കാരാകാൻ കഴിയുമെന്ന് ജർമ്മൻ മാധ്യമ സ്ഥാപനമായ എക്സൽ സ്പ്രിങര്‍ മേധാവി മത്തിയാസ് ഡോഫ്നർ. ബിൽഡ്, ഡൈ വെല്‍റ്റ് എന്നിവയുൾപ്പെടെ നിരവധി ജർമ്മൻ പത്രങ്ങളുടെ ഉടമയായ എക്സെൽ സ്പ്രിങര്‍ പത്ര സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്.
പൂർണ്ണമായും ഡിജിറ്റൽ മീഡിയ കമ്പനിയായി മാറാനുള്ള ശ്രമത്തിൽ, കമ്പനി ഉള്ളടക്കത്തിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചുള്ള ഓട്ടോമേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ എക്സൽ സ്പ്രിങര്‍ വ്യക്തമാക്കി.
ഡിജിറ്റൽ യുഗത്തിൽ ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനും പ്രാധാന്യം വർധിക്കുകയാണ്. ഇത് പത്ര പ്രവർത്തനത്തെ നിർണായക സാഹചര്യത്തിൽ എത്തിക്കുന്നുവെന്നും ഡോഫ്‌നര്‍ പറഞ്ഞു. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം മെച്ചപ്പെട്ട സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനുള്ള സാധ്യതകള്‍ തുറന്നിടാനും അല്ലെങ്കില്‍ അതിന് പകരമാവാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്നും വൈകാതെ അതിന് മനുഷ്യ മാധ്യമ പ്രവർത്തകരെ മറികടക്കാനാകുമെന്നും അദ്ദേഹം ജീവനക്കാർക്ക് നൽകിയ കത്തിൽ പറയുന്നു.