എയർ ഇന്ത്യ വിമാനത്തിൻ്റെ അടിയന്തര ലാൻഡിങ്; പൈലറ്റിന് സസ്പെൻഷൻ


കോഴിക്കോട്: കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പെട്ട കരിപ്പൂർ-ദമ്മാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ. ടേക്ക് ഓഫിനിടെ പിൻചിറകിൽ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര നിർണ്ണയത്തിൽ പൈലറ്റാനുണ്ടായ പിഴവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ കരിപ്പൂരിൽ നിന്ന് ദമാമിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാർ മൂലം രണ്ടര മണിക്കൂറിന് ശേഷം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നു. രാവിലെ 9.44ന് കരിപ്പൂരിൽ നിന്ന് പറന്നുയർന്നപ്പോൾ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.
ആദ്യം കരിപ്പൂരിൽ തന്നെ അടിയന്തര ലാൻഡിംഗ് നടത്താൻ ശ്രമിച്ചെങ്കിലും അടിയന്തര ലാൻഡിങ്ങിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് കൊച്ചിയിലേക്ക് പറക്കുകയായിരുന്നു. കൊച്ചിയിലും എമർജൻസി ലാൻഡിങ് പെർമിറ്റ് ഇല്ലാത്തതിനാലാണ് തിരുവനന്തപുരത്ത് ഇറങ്ങിയത്. സാങ്കേതിക തകരാർ പരിഹരിച്ച് വിമാനം ഇന്നലെ വൈകിട്ടാണ് ദമാമിലേക്ക് പുറപ്പെട്ടത്.