ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; തത്കാലം ആശുപത്രിവാസം വേണ്ടെന്ന് നിർദേശം
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയ്ക്ക് തത്ക്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂർത്തിയാക്കുന്നതിനായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഈ സാഹചര്യത്തിൽ ഇപ്പോൾ വീട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബെംഗളൂരുവിൽ തന്നെ തുടരാനാണ് തീരുമാനം.
ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സയാണ് ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ നൽകുന്നത്. ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലെ ഡോക്ടർ യു.എസ് വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. നാല് ദിവസം മുമ്പ് ഉമ്മൻ ചാണ്ടിയെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലങ്ങൾ പരിശോധിച്ച ശേഷം, ഇമ്മ്യൂണോതെറാപ്പിയാണ് ഉചിതമെന്ന് ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.
പാത്തോളജിസ്റ്റുകൾ, ജനിതക വിദഗ്ധർ, ന്യൂട്രീഷ്യനിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള ആരോഗ്യ വിദഗ്ധരും ഉമ്മൻ ചാണ്ടിയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിലുണ്ട്.
അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പോഷകാഹാരക്കുറവുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ ആവശ്യമായ ചികിത്സയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്.