കേരള ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്; വിദേശ സഞ്ചാരികളുടെ എണ്ണം 500 ശതമാനം വർധിച്ചു
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയിൽ ഉണ്ടായത് വൻ ഉണർവെന്ന് ടൂറിസം വകുപ്പ്. കൊവിഡ് കാലത്തിന് ശേഷം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 500 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലധികം വർധിച്ചു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ചെന്നൈയിൽ നടന്ന ട്രാവൽ മീറ്റിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഇരുന്നൂറിലേറെ ടൂറിസം സംരംഭകർ പങ്കെടുത്തു.
കൊവിഡ് ആശങ്കകൾ കുറഞ്ഞതോടെ ലോക ടൂറിസ്റ്റുകൾ തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 3.5 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി, റഷ്യ, യുഎഇ, സൗദി അറേബ്യ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നാണ് വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും എത്തിയത്. കൊവിഡ് എല്ലാ മേഖലകളെയും നിശ്ചലമാക്കിയ 2021 നെ അപേക്ഷിച്ച് 471.28 ശതമാനം വർധനവാണുണ്ടായത്.
ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 150.31 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ച മൊത്തം വരുമാനം 35,168 കോടി രൂപയാണ്. വരുമാനത്തിൽ മാത്രം 186.25 ശതമാനം വർധനയുണ്ടായി. കൊവിഡ് കാലത്തിന് മുമ്പുള്ള അളവിലേക്ക് കഴിഞ്ഞ വർഷം സഞ്ചാരികൾ എത്തിയില്ലെങ്കിലും ഈ വർഷം അത് മറികടക്കുമെന്നാണ് പ്രതീക്ഷ.